400 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കും;നവീകരണം പിപിപി മാതൃകയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

400 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കും;നവീകരണം  പിപിപി  മാതൃകയിലെന്ന്   കേന്ദ്രമന്ത്രി  സുരേഷ്  പ്രഭു
X
trainകൊച്ചി: രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളെ അവ സ്ഥിതിചെയ്യുന്ന നഗരങ്ങളുടെ ചിഹ്നങ്ങളാക്കി മാറ്റുന്ന തരത്തില്‍ വികസിപ്പിക്കുന്നതിനുള്ള  പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും  പിപിപി (പൊതു സ്വകാര്യ പങ്കാളിത്തം) മാതൃകയിലുമായിരിക്കും ഈ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുകയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിന് വിപുലമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എറണാകുളം സ്റ്റേഷനില്‍ വൈഫൈ പദ്ധതി ആരംഭിച്ചു. തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്തഘട്ടത്തില്‍ ആരംഭിക്കും. റെയില്‍പാതകളുടെ വൈദ്യുതീകരണത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പാതകള്‍ വൈദ്യുതീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് റെയില്‍വേയുടെ വികസനവുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. റെയില്‍വേയുമായി വിവിധപദ്ധതികളില്‍ സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. റെയില്‍വേയും കേരളവുമായി ചേര്‍ന്ന് സബര്‍ബന്‍ റെയില്‍ പദ്ധതി ആരംഭിക്കുന്നതിന് സംയുക്ത കമ്പനി രൂപവല്‍ക്കരിക്കുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. പുതിയ എല്‍ഡിഎഫ് സര്‍ക്കാരും ഈ നിലപാടു തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നെങ്കിലും തിരക്കുമൂലം സമയം നല്‍കാന്‍ കഴിഞ്ഞില്ല. മുതിര്‍ന്ന റെയില്‍വേ ഉദ്യേഗസ്ഥരോട് ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി താന്‍ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്നും സുരേഷ് പ്രഭാകര്‍ പ്രഭു പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനങ്ങള്‍ അട്ടിമറിക്കുന്നതിന് ചെന്നൈ കേന്ദ്രമാക്കി ഒരു ലോബിയും പ്രവര്‍ത്തിക്കുന്നില്ല. റെയില്‍വേയില്‍ അത്തരത്തിലുള്ള ലോബികളൊന്നുമില്ലെന്നും ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ ലോബിമാത്രമാണ് റെയില്‍വേയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഹാര്‍ബര്‍ ടെര്‍മിനല്‍സ് സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാവും. സ്റ്റേഷന്‍ നവീകരണം സംബന്ധിച്ച് വലിയ ആവശ്യമുയരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പുതന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. എറണാകുളം നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ സിറ്റി സര്‍വീസുകള്‍ക്കുള്ള ആധുനിക ടെര്‍മിനല്‍ ആയി വികസിപ്പിക്കുന്നതിനുള്ള സാധ്യത ആരായുമെന്നും സംസ്ഥാന സര്‍ക്കാര്‍ കൂടി ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതീകരിച്ച ചെറുവത്തൂര്‍ ഷൊര്‍ണൂര്‍ പാതയുടെ സമര്‍പ്പണം, നിലമ്പൂര്‍ റോഡിലെ പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടനം, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സൗജന്യ അടിയന്തര വൈദ്യസഹായകേന്ദ്രം, എസി കാത്തിരിപ്പു കേന്ദ്രം,  എന്നിവയുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കേന്ദ്ര കൃഷിവകുപ്പു സഹമന്ത്രി സഞ്ജീവ് ബല്യാന്‍, പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ പി ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it