400ല്‍ അടിപതറി കേരളം

കോഴിക്കോട്: ട്രാക്കിനങ്ങളില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച 400 മീറ്റര്‍ വിഭാഗത്തിലെ വീഴ്ചയായിരുന്നു 61-ാമതു ദേശീയ സ്‌കൂള്‍കായികമേളയില്‍ ഇന്നലെ കേരളത്തിന്റെ സങ്കടക്കാഴ്ച. മൂന്നു വിഭാഗങ്ങളിലുമായി നടന്ന 400 മീറ്ററില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലും കൊണ്ട് ആതിഥേയര്‍ക്കു തൃപ്തിപ്പെടേണ്ടി വന്നു. സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂളിന്റെ താരങ്ങളായ ഷഹര്‍ബാന സിദ്ദീഖും സ്‌നേഹ— കെ യുമാണ് 400 മീറ്ററില്‍ കേരളത്തിന്റെ മാനം കാത്തത്.

വിടവാങ്ങല്‍ അവിസ്മരണീയമാക്കി ഷഹര്‍ബാന...

സ്‌കൂള്‍ കായിക മേളയിലെ തന്റെ വിടവാങ്ങല്‍ ഉഷസ്‌കൂളിന്റെ പ്രിയപുത്രി ഷഹര്‍ബാന അവിസ്മരണീയമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 56.73 സെക്കന്റില്‍ ഓടിയെത്തിയാണ് ഷഹര്‍ബാന പൊന്നണിഞ്ഞത്. തമിഴ്‌നാടിന്റെ വി ശുഭ 57.29 സെക്കന്റില്‍ വെള്ളിയും കര്‍ണാടകയുടെ വെനിസ കരോള്‍ ക്വാഡ്രോസ് 57.92 സെക്കന്റില്‍ വെങ്കലവും നേടി.
അതേസമയം പേശിവേദനയെ തുടര്‍ന്ന് ശഹര്‍ബാന സിദ്ദീഖ് നൂറു മീറ്റര്‍ ഹീറ്റ്‌സില്‍ നിന്ന് പിന്മാറി. ഇന്നലെ ഉച്ചയ്ക്ക് നടന്ന ഹീറ്റ്‌സ് മല്‍സരത്തിലാണ് 20 മീറ്റര്‍ പിന്നിട്ടപ്പോള്‍ ശഹര്‍ബാന ട്രാക്കില്‍ നിന്ന് ് പിന്മാറിയത്. കലശലായ പേശിവലിവിനെ തുടര്‍ന്നാണ് മല്‍സരം അവസാനിപ്പിച്ചതെന്ന് ശഹര്‍ബാന അറിയിച്ചു. അതേസമയം, ശിഷ്യയുടെ പിന്മാറ്റത്തെ പറ്റി ഉഷ മൗനം പാലിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉഷ മറുപടി പറഞ്ഞില്ല.
വെല്ലുവിളിയേയില്ലാതെ സ്‌നേഹ
ജൂനിയര്‍ പെണ്‍കുട്ടികളില്‍ സഹതാരങ്ങളില്‍ നിന്നും യാതൊരു വെല്ലുവിളികളുമില്ലാതെയാണ് ഉഷ സ്‌കൂളിലെ തന്നെ കെ സ്‌നേഹ ഓട്ടം പൂര്‍ത്തിയാക്കിയത്. ഈയിനത്തില്‍ ആന്ധ്രയുടെ ദണ്ഡി ജ്യോതിക ശ്രീ 58.60 സെക്കന്റില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ സുമിത ഭൗമിക് 59.14 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി. മറ്റൊരു മലയാളിതാരമായ ലിനറ്റ് ജോര്‍ജ് അഞ്ചാമതായി.
Next Story

RELATED STORIES

Share it