400ഓളം വീടുകളില്‍ മോഷണം; രണ്ട് അന്തര്‍ജില്ലാ മോഷ്ടാക്കള്‍ വലയില്‍


തിരുവനന്തപുരം: നാടകവണ്ടിയുമായി കറങ്ങിനടന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ നാനൂറോളം വീടുകളില്‍ മോഷണപരമ്പര നടത്തിയ രണ്ടുപേര്‍ പോലിസ് പിടിയില്‍. തിരുവനന്തപുരം മംഗലപുരം മീരാകോട്ടേജില്‍ രമേശ് (48), ഡ്രൈവറും സഹായിയുമായ കിഴുവില്ലം കുന്തള്ളൂര്‍ കവിതാലയം വീട്ടില്‍ മുരുകന്‍ എന്നുവിളിക്കുന്ന സെന്തില്‍കുമാര്‍ എന്നിവരാണു തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
നിരന്തര മോഷണപരമ്പരയിലൂടെ നാനൂറോളം വീടുകളില്‍ മോഷണവും 500ഓളം പവന്‍ സ്വര്‍ണാഭരണങ്ങളും എട്ടുലക്ഷത്തോളം രൂപയും കവര്‍ന്നതായാണ് പ്രാഥമിക കണക്ക്. കുപ്രസിദ്ധ മോഷ്ടാവ് ആട് ആ ന്റണിയെ വെല്ലുന്ന തരത്തില്‍ പോലിസിനും നാടിനും ഭീഷണിയായിരുന്ന മോഷ്ടാക്കളാണ് പിടിയിലായത്. ഇവരെ ഇന്ന് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയശേഷം തുടരന്വേഷണം നടത്തുമെന്നും, മോഷണമുതലുകള്‍ പിടിച്ചെടുക്കുമെന്നും കാട്ടാക്കട പോലിസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ മനോജ് ചന്ദ്രന്‍ പറഞ്ഞു.
മോഷണമുതല്‍ ഉപയോഗിച്ച് ഇയാള്‍ ആറ്റിങ്ങല്‍, മംഗലാപുരം, കിളിമാനൂര്‍, ആലംകോട്, മാമം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ വാങ്ങിയിട്ടുണ്ട്. ഇവ വില്‍പ്പന നടത്തുന്നതിനു സഹായിയായ മുരുകന്‍ എന്നുവിളിക്കുന്ന സെന്തി ല്‍കുമാറിനെയാണ് ആശ്രയിച്ചിരുന്നത്. മോഷണത്തിലൂടെ ലഭിച്ച ബാക്കി പണം വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരിക്കാനാണു സാധ്യതയെന്നാണ് പോലിസ് നിഗമനം.
കാട്ടാക്കട എസ്‌ഐ മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. വേദവാസ്യ എന്ന നാടകവാഹനവുമായി നാടകം നടക്കുന്ന സ്ഥലങ്ങളി ല്‍ മോഷണം നടത്തിയതിനു പ്രതികള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. പോലിസ് നടത്തിയ തുടരന്വേഷണത്തില്‍ ചിറയിന്‍കീഴ് കെഎസ്എഫ്ഇയില്‍ അഞ്ചരലക്ഷം രൂപയോളം മാസയടവുകളുള്ള 17 ചിട്ടികളില്‍ രമേശന്‍ അംഗമാണെന്ന് വ്യക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it