|    Aug 17 Fri, 2018 11:14 pm
FLASH NEWS
Home   >  National   >  

മുസഫര്‍പൂര്‍ പീഡനക്കേസിലെ പ്രതിക്ക് ജയിലില്‍ സര്‍വസ്വാതന്ത്ര്യം; കൈയില്‍ മന്ത്രിയുടേതുള്‍പ്പെടെ 40 ഫോണ്‍ നമ്പറുകള്‍

Published : 12th August 2018 | Posted By: mtp rafeek

പട്‌ന: മുസഫര്‍പുരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 34 അന്തേവാസികള്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറില്‍നിന്ന് 40 പേരുടെ ഫോണ്‍നമ്പറുകള്‍ പിടിച്ചെടുത്തതായി പൊലിസ്. മന്ത്രിയുടേത് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നമ്പറുകളാണ് പിടികൂടിയത്. ബ്രജേഷ് താക്കൂറിനെ പാര്‍പ്പിച്ചിരിക്കുന്ന മുസാര്‍പുര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടു പേജുകളിലായി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി വിവിധ ജയിലുകളില്‍ പൊലിസ് ശനിയാഴ്ച മിന്നല്‍ പരിശോധന നടത്തി.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായാണ് ബ്രിജേഷിന്റെ പക്കല്‍ നിന്നും സ്വന്തം കൈപ്പടയിലെഴുതിയ രണ്ടു പേജുകള്‍ പിടിച്ചെടുത്തത്. ബ്രജേഷ് താക്കൂറില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍നമ്പറുകളില്‍, ഒരു മന്ത്രി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരുടെ നമ്പറുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ രണ്ടിന് അറസ്റ്റിലായ താക്കൂര്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സൗകര്യങ്ങളോടെയാണു ജയിലില്‍ കഴിയുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. ഇതുവരെ മറ്റു തടവുകാര്‍ക്കൊപ്പം ഇയാളെ പാര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.

ബ്രിജേഷിന്റെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും എങ്ങനെയാണ് ഇയാള്‍ കൈയിലുള്ള നമ്പറുകളിലേക്ക് കോളുകള്‍ ചെയ്തിരുന്നതെന്നും വ്യക്തമല്ല. ജയില്‍ സൂപ്രണ്ടിന്റെ ഓഫിസിലെ ഫോണുകളിലൊന്ന് ഉപയോഗിച്ചതാകാമെന്നും, ആരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ദേശീയ തലത്തില്‍ ബിഹാറിന്റെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പട്‌ന ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss