|    Nov 19 Mon, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

40 വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമിയിലും ദേശീയപാത നിര്‍മാണം പൂര്‍ത്തിയായില്ല

Published : 7th May 2018 | Posted By: kasim kzm

എം എം സലാം
ആലപ്പുഴ: സംസ്ഥാനം മുഴുവന്‍ 45 മീറ്ററില്‍  ദേശീയപാത നിര്‍മിക്കാന്‍ ജനകീയ പ്രതിരോധസമരങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുമ്പോഴും ദേശീയപാതയ്ക്കായി 40 വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ദേശീയപാത വീതികൂട്ടുന്നതിനായി 1972 മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 30 – 30.5 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുത്തിരുന്നു. എന്നാല്‍, ഇതില്‍ 15 ശതമാനം സ്ഥലത്തു മാത്രമാണ് 14 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയെങ്കിലും പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിവരുന്ന ഭൂരിഭാഗം ഭൂമിയും വര്‍ഷങ്ങള്‍ പലത് പിന്നിട്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താതെ കിടക്കുകയാണ്.
ദേശീയപാത വികസനത്തിനായി അന്നു ഭൂമി വിട്ടുകൊടുത്തവര്‍  യാതൊരു പ്രതിഷേധവും ഉയര്‍ത്തിയിരുന്നില്ല. മാത്രമല്ല, 1794ലെ പൊന്നും വില നിയമമനുസരിച്ചുള്ള തുച്ഛമായ നഷ്ടപരിഹാരമാണ് ഉടമകള്‍ക്കു നല്‍കിയത്. നഷ്ടപരിഹാരമടക്കം ലഭിക്കാത്തവരുമുണ്ട്. തുടര്‍ന്ന് നാലുവരിപ്പാത നിര്‍മിക്കാത്ത സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെറും ഒമ്പതു മീറ്റര്‍ വീതിയില്‍ മാത്രം റോഡ് ടാര്‍ ചെയ്ത് രണ്ടുവരിപ്പാതയാക്കി നിര്‍മാണം പൂര്‍ത്തിയാക്കി. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരുവരിപ്പാത നിര്‍മിക്കാന്‍ 3.5 മീറ്റര്‍ വീതി മാത്രമേ ആവശ്യമുള്ളൂവെന്നിരിക്കേ ബാക്കിയുള്ള 16 മീറ്റര്‍ ഭൂമി കൂടി ഉള്‍പ്പെടുത്തി റോഡ് നിര്‍മിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല.
ദേശീയപാതയ്ക്കായി 40 വര്‍ഷം മുമ്പ് ഭൂമി വിട്ടുകൊടുത്തവരില്‍ ഭൂരിഭാഗവും ബാക്കിയുള്ള ഭൂമിയില്‍ വീടുവച്ചാണ് താമസിക്കുന്നത്. ഇരുവശവും 7.5 മീറ്റര്‍ വീതം ഭൂമി വീണ്ടും ഏറ്റെടുക്കുന്നതോടെ ഇവര്‍ വീണ്ടും വഴിയാധാരമാവുമെന്ന് ദേശീയപാത വികസനത്തിന്റെ ഇരകള്‍ പറയുന്നു. മാത്രമല്ല, ഇനിയുണ്ടാവുന്ന ഭൂമിയേറ്റെടുക്കലിന് ശരിയായ ഒരു പുനരധിവാസ, നഷ്ടപരിഹാര പദ്ധതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ആവിഷ്‌കരിച്ചിട്ടുമില്ല.
ദേശീയപാത വികസനത്തിനായി ബിഒടി ടോള്‍ സംവിധാനം ആവിഷ്‌കരിച്ച ശേഷമാണ് വീണ്ടും ദേശീയപാത വികസനത്തിനായി എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ രംഗത്തുവരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി കേരളത്തില്‍ മാറിമാറിവന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഭൂമിയേറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കിടപ്പാടം നഷ്ടമാവുന്ന ഇരകളുടെ ശക്തമായ ജനകീയ ചെറുത്തുനില്‍പിനെ തുടര്‍ന്നു പരാജയപ്പെടുകയായിരുന്നു.
പിന്നീട് രണ്ടുവര്‍ഷം മുമ്പു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് വീണ്ടും ബലംപ്രയോഗിച്ചുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വന്‍ പ്രത്യാഘാതങ്ങളാണു നേരിടേണ്ടിവരുന്നത്. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന 30 മീറ്ററിനുള്ളില്‍ ആറുവരിപ്പാത സുഗമമായി നിര്‍മിക്കാമെന്നും ആവശ്യമെങ്കില്‍ ഇതേ റോഡില്‍ തൂണുകള്‍ ഉയര്‍ത്തി മറ്റൊരു ആറുവരി എലിവേറ്റഡ് പാതയും നിര്‍മിക്കാമെന്നും സമരസമിതിയും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും 45 മീറ്റര്‍ വീതിയില്‍ റോഡ് ഏറ്റെടുക്കണമെന്ന പിടിവാശിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുള്ളത്.  829 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പുതിയ ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസ മാതൃകയില്‍ 20ഓളം ടോള്‍ബൂത്തുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സമരസമിതി ആരോപിക്കുന്നു.   കരമന മുതല്‍ കളിയിക്കാവിള വരെയുള്ള റോഡ് 30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മിച്ച് ദേശീയപാതയാക്കി  മാര്‍ച്ച് ഒന്നാം തിയ്യതി  സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തിരുന്നു. വലിയതോതിലുള്ള ഭൂമിയേറ്റെടുക്കലില്ലാതെയും ടോള്‍പിരിവ് കൂടാതെയും  ഇതു സാധിച്ചെങ്കില്‍ 30 മീറ്ററില്‍ സംസ്ഥാനം മുഴുവന്‍ ആറുവരിപ്പാതയാക്കാമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.  കാസര്‍കോട് തലപ്പാടി മുതല്‍ എറണാകുളം ഇടപ്പള്ളി വരെയുള്ള എന്‍എച്ച് 17ലെ 430 കിലോമീറ്റര്‍ ദൂരവും പാലക്കാട് വാളയാറില്‍ തുടങ്ങി തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള എന്‍എച്ച് 47ലെ 410 കിലോമീറ്ററുമാണ് നാലുവരിപ്പാത പദ്ധതിപ്രകാരം 45 മീറ്ററില്‍ ബിഒടി അടിസ്ഥാനത്തില്‍ വീതികൂട്ടാനൊരുങ്ങുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss