|    Aug 18 Fri, 2017 9:54 pm
FLASH NEWS

40 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു ; ആറുമാസത്തിനിടെ 239 പേര്‍ക്ക് ഡെങ്കിപ്പനി

Published : 24th June 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെ 239 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 1173 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഡെങ്കി സംശയിക്കുന്ന അഞ്ച് മരണമാണുണ്ടായത്. എച്ച്1 എന്‍1 സംശയിക്കുന്ന കേസുകള്‍ 149 എണ്ണം റിപോര്‍ട്ട് ചെയ്തു. 40 കേസുകളില്‍ രോഗം സ്ഥിരീകരിച്ചു. 2 എച്ച്1എന്‍1 മരണവും ജില്ലയില്‍ ഉണ്ടായതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്ക് അറിയിച്ചു. പനി തടയാന്‍ ജില്ലയിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞത് ഒരു ഡോക്ടറുടെയെങ്കിലും സേവനം ഉറപ്പാക്കിയതായി ഡിഎംഒ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവ് മാത്രമാണ് കാര്യമായുള്ളത്. പാരാമെഡിക്കല്‍ ജീവനക്കാരുടെ ഒഴിവ് നികത്താന്‍ നടപടിയായിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ആവശ്യമായ ആശുപത്രികളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് നേരിട്ടും ദേശീയ ആരോഗ്യ ദൗത്യം വഴിയും താല്‍ക്കാലികമായി നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. പിഎച്ച്‌സികളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും അടിയന്തര സാഹചര്യം പരിഗണിച്ച് താല്‍ക്കാലിക നിയമനം നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തദ്ദേശസ്ഥാപനങ്ങള്‍ മടിക്കേണ്ടെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി വ്യക്തമാക്കി. ഏതെങ്കിലും സെക്രട്ടറിമാര്‍ ഇതിന് വിസമ്മതിക്കുകയാണെങ്കില്‍ ജില്ലാ ആസൂത്രണ സമിതിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ സൗജന്യ പനി ക്ലിനിക്ക് നടത്താന്‍ സന്നദ്ധത അറിയിച്ചതായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. എന്‍ ലതീഷ് അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ ആശുപത്രികളില്‍ നിലവിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഡെപ്യൂട്ടേഷനും അവധിയും നല്‍കുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതിയുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എംഎല്‍എമാരായ ജെയിംസ് മാത്യു, സി കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. രോഗം ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. പകര്‍ച്ചപ്പനി ബാധിത മേഖലകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ചാലേ ഫലമുണ്ടാവുകയുള്ളൂവെന്ന് പി കെ ശ്രീമതി എംപി പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വാര്‍ഡ് സാനിറ്റേഷന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടന്നതായി മേയര്‍ ഇ പി ലത അറിയിച്ചു. നഗരത്തിലെ ചില സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്ന സ്ഥിതിയുണ്ട്. ഇത്തരം കേസുകളില്‍ സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇനിയും മാലിന്യം നീക്കുന്നില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക