malappuram local

40 വര്‍ഷമായി പൊന്നാനിയില്‍ സ്ഥിരതാമസമുള്ള വൃദ്ധയുടെ പെന്‍ഷന്‍ നാട്ടിലില്ലെന്ന് പറഞ്ഞ് തടഞ്ഞു



പൊന്നാനി: കഴിഞ്ഞ 40 വര്‍ഷമായി പൊന്നാനി ടൗണിലെ 35ാം വാര്‍ഡില്‍ സ്ഥിര താമസക്കാരിയായ വൃദ്ധയുടെ പെന്‍ഷന്‍ അധികൃതര്‍ തടഞ്ഞുവച്ചു. 74 വയസ്സു പ്രായമുള്ള കുന്നത്തുവീട്ടില്‍ നഫീസയ്ക്കാണ് നാട്ടിലില്ലെന്ന കാരണം പറഞ്ഞ് സര്‍വീസ് സഹകരണ ബാങ്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ നിഷേധിച്ചത്. പൊന്നാനി നഗരസഭയില്‍ ജീവിച്ചിരിക്കുന്ന വിധവയെ മരിച്ചെന്ന് കാട്ടി വിധവാ പെന്‍ഷന്‍ തടഞ്ഞുവച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. 2016 ഏപ്രിലിലാണ് വാര്‍ഡ് കൗണ്‍സിലര്‍ നഫീസയ്ക്കുവേണ്ടി വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷ നല്‍കിയത്. ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം 8,300 രൂപ പാസായതായി മൊബൈലിലൂടെ സന്ദേശം ലഭിച്ചു.എന്നാല്‍, ഒരുമാസം കാത്തിരുന്നിട്ടും പണം ലഭിച്ചില്ല. തുടര്‍ന്നാണ് നഗരസഭയിലും ബാങ്കിലും പരാതിപ്പെട്ടത്. താങ്കള്‍ നാട്ടിലില്ലെന്നും പണം സര്‍ക്കാരിലേക്ക് തിരിച്ചയച്ചുവെന്നുമാണ് ഇവര്‍ക്ക് ലഭിച്ച മറുപടി. ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം ശരിയായ രീതിയില്‍ നല്‍കിയിട്ടും പെന്‍ഷന്‍ തുക ലഭിക്കാത്തത് നഫീസയ്ക്ക് കനത്ത ആഘാതമായി. തെറ്റായ വിവരം ബാങ്കിന് കൈമാറി പെന്‍ഷന്‍ നിഷേധിച്ച ബാങ്ക് ജീവനക്കാരനെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതായി നഫീസയുടെ മകന്‍ അബു വ്യക്തമാക്കി. ഒരു പെന്‍ഷന്‍ ഉപഭോക്താവിനെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ച് പൊന്നാനി നഗരസഭ ഗവേഷണം നടത്തുകയാണെന്നും ഈ മനുഷ്യത്വരഹിത സമീപനം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് എം പി നിസാര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it