40 ലക്ഷം തൊഴിലവസരം ലക്ഷ്യമിട്ട് കരട് ടെലികോം നയം

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ സമഗ്ര മാറ്റംവരുത്തി പുതിയ ടെലികോം നയവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസി 2018 എന്ന പേരില്‍ തയ്യാറാക്കുന്ന നയത്തിന്റെ കരടിന് കേന്ദ്രം രൂപംനല്‍കിയതായാണ് റിപോര്‍ട്ട്
2022ഓടെ ടെലികോം മേഖലയില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ അടക്കം കരട് നയം ലക്ഷ്യമാക്കുന്നതായാണു റിപോര്‍ട്ടുകള്‍. നാലു വര്‍ഷത്തിനകം 5ജി നെറ്റ് വര്‍ക്ക്, എല്ലാ പൗരന്‍മാര്‍ക്കും 50 എംബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് കവറേജ് ലഭ്യമാക്കല്‍, ഇതിനായി 10,000 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം ലഭ്യമാക്കല്‍ എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും ലാന്‍ഡ് ലൈ ന്‍ സംവിധാനവും നല്‍കുമെന്നു നയത്തില്‍ പറയുന്നു. ഇതിനു പുറമെ ഒപററിമല്‍ പ്രൈസിങ് ഓഫ് സ്‌പെക്ട്രം നടപ്പാക്കുന്നതിലൂടെ ടെലികോം മേഖലയുടെ പ്രതിസന്ധികള്‍ക്കു കാരണമായ ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം നിരക്ക് തുടങ്ങിയവ പരിഹരിക്കും.
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുന്നതോടെ 40 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ രണ്ട് ശതമാനത്തോളം വര്‍ധനവുണ്ടാക്കുമെന്നും കരട് നയം പ്രതീക്ഷിക്കുന്നു. ഇത് ജിഡിപിയില്‍ ടെലികോം മേഖല നല്‍കുന്ന സംഭാവന ആറു ശതമാനത്തിന്‍ നിന്ന് എട്ട് ശതമാനത്തിലേക്ക് ഉയരുമെന്നും കരട് നയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ 7.8 ലക്ഷം കോടിയുടെ നഷ്ടം നേരിട്ട് പ്രതിസന്ധിയിലായ ടെലികോം മേഖലയെ കരകയറ്റാനാണു പുതിയ നയമെന്നാണു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
Next Story

RELATED STORIES

Share it