40 ബോട്ടുകള്‍ ഗുജറാത്ത് തീരത്ത്; 516 പേര്‍ സുരക്ഷിതര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടു കടലില്‍ കുടുങ്ങിയ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 40 മല്‍സ്യബന്ധന ബോട്ടുകള്‍ ഗുജറാത്ത് വെരാവല്‍ തീരത്ത് അടുത്തു. ബോട്ടുകളിലുണ്ടായിരുന്ന 516 തൊഴിലാളികളും സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി തീരസംരക്ഷണ സേന അറിയിച്ചു. മഹാരാഷ്ട്ര തീരത്തെത്തിയ മല്‍സ്യബന്ധന ബോട്ടുകളിലെ 131 മലയാളികള്‍ സുരക്ഷിതരാണെന്ന് പോലിസ് സംഘം അറിയിച്ചു. ദേവ്ഗഡ് തീരത്ത് 57 പേരും രത്‌നഗിരി തീരത്ത് 74 പേരുമാണ് എത്തിയത്്. കാഞ്ഞങ്ങാട്, ബേപ്പൂര്‍, പൂവാര്‍, വിഴിഞ്ഞം മേഖലയില്‍ നിന്നുള്ളവരാണ് ഇവര്‍.  കൊച്ചിയില്‍ നിന്നുള്ള രണ്ടു ബോട്ടുകള്‍ അഴീക്കല്‍ തീരത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള 15 അംഗ സംഘത്തിന്റെ ഹര്‍ഷാനിയ മോന്‍ എന്ന ബോട്ട് ഗോവയിലെത്തിയിട്ടുണ്ട്. വിഴിഞ്ഞത്തു നിന്നുള്ള ഏഴു മലയാളികള്‍ ഉള്‍പ്പെടെ ഈ ബോട്ടിലുണ്ട്. ചുഴലിക്കാറ്റിലും മഴയിലുമായി സംസ്ഥാനത്ത് 18 കോടിയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍. 1122 വീടുകള്‍ ഭാഗികമായും 74 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 37 ക്യാംപുകളിലായി 6500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതു വരെ ആകെ 2554 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, കഴിഞ്ഞദിവസം മരിച്ചനിലയില്‍ മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന മൂന്ന് മൃതദേഹങ്ങള്‍  തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം പള്ളിവിളാകം സ്വദേശികളായ ലാസര്‍, ആരോഗ്യദാസ്, വലിയതുറ സ്വദേശി ഈപ്പച്ചന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനിയും 11 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്. പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുകയാണ്. പൂന്തുറ സ്വദേശി മൈക്കിളിനെ (42) ട്രോമാകെയര്‍ ഐസിയുവിലേക്ക് മാറ്റി. പുല്ലുവിള വില്‍ഫ്രെഡ് (48) ഓര്‍ത്തോ ഐസിയുവിലാണ്. ഇന്നലെ വെട്ടുകാട് സ്വദേശി റെയ്മണ്ടിനെ (23) പ്രവേശിപ്പിച്ചതോടെ നിലവി ല്‍ 41 പേരാണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതേസമയം,  ദുരന്തത്തി ല്‍ നിന്നു രക്ഷപ്പെട്ട് ഇതരസംസ്ഥാനങ്ങളിലെത്തിച്ചേര്‍ന്ന വര്‍ക്കു 2500 രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it