malappuram local

40 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

നിലമ്പൂര്‍: അന്തര്‍ സംസ്ഥാന ലഹരി മാഫിയ സംഘത്തിലെ രണ്ടുപേര്‍ നിലമ്പൂര്‍ പോലിസിന്റെ പിടിയിലായി. കാസര്‍ഗോഡ് കുക്കാര്‍ മംഗള്‍പാടി സ്വദേശി മുസ്താഖ് അഹമ്മദ് (മുത്തു-31), ഉപ്പള നാട്ടെക്കല്‍ സ്വദേശി സിദ്ദീഖ് മന്‍സില്‍ വീട്ടില്‍ ഇബ്രാഹിം സിദ്ദീഖ്  (26) എന്നിവരെയാണ് 40 കിലോ കഞ്ചാവുമായി നിലമ്പൂര്‍ സിഐ കെ എം ബിജു അറസ്റ്റ് ചെയ്തത്. ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ആന്ധ്രയിലെ വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവ വില്‍പനക്കായി കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാപുരം, കാസര്‍ഗോഡ്, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിലമ്പൂരിലെ കൊളക്കണ്ടത്ത് വച്ച് പ്രതികള്‍ വലയിലായത്. കൊണ്ടുവരുന്ന കഞ്ചാവ് ചാക്കുകളിലാക്കി മംഗലാപുരം, ഉഡുപ്പി ലോഡ്ജുകളിലും, മറ്റു രഹസ്യ കേന്ദ്രങ്ങളിലും സൂക്ഷിക്കും.
തുടര്‍ന്ന് ഏജന്റുമാര്‍ മുഖേന ചെറുകിട വില്‍പനക്കായി കാറുകളിലും മറ്റും എത്തിച്ചുകൊടുക്കാറാണ് പതിവ്. കേരളത്തിലെ റിസോര്‍ട്ടുകള്‍, സ്‌കൂള്‍, കോളജ് പരിസരങ്ങള്‍  കേന്ദ്രീകരിച്ചാണ് വില്‍പന. ഒന്നാം പ്രതി മുസ്താഖ് അഹമ്മദിന്റെ പേരില്‍ വധശ്രമത്തിന് കുമ്പള പോലിസ് സ്റ്റേഷനില്‍ കേസുണ്ട്.
കുമ്പള സ്റ്റേഷന്‍ പരിധിയി ല്‍ കഞ്ചാവ് കേസില്‍ പിടിയിലായി ഒന്നര മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. വില്‍പനയില്‍ പ്രധാന കണ്ണിയാണ് ഇബ്രാഹിം സിദ്ദീഖ്. സിഐക്കു പുറമെ എസ്‌ഐ ബിനു തോമസ്, വി കെ പ്രദീപ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി പി മുരളീധരന്‍, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, ടി ശ്രീകുമാര്‍, മനോജ്, ഫിറോസ്, സര്‍ജാസ്, റഹിയാനത്ത്, സക്കീറലി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസിന്റെ സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it