|    Sep 23 Sun, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

4 ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

Published : 14th August 2018 | Posted By: kasim kzm

നിലമ്പൂര്‍/പാലക്കാട്/വയനാട്/ഇരിട്ടി: കനത്ത മഴ തുടരുന്ന മലബാര്‍ മേഖലയില്‍ ഇന്നലെ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. വനമേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത് എന്നതിനാല്‍ ആളപായമില്ല. നിലമ്പൂര്‍ ആഢ്യന്‍പാറയ്ക്കു സമീപം പന്തീരായിരം വനമേഖലയിലെ തേന്‍പാറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ നിറഞ്ഞുകവിഞ്ഞൊഴുകി.
നേരത്തേ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നശിച്ച മതില്‍മൂല കോളനിയിലടക്കം മലവെള്ളപ്പാച്ചിലുണ്ടായി. ഒമ്പത് വീടുകളില്‍ വീണ്ടും വെള്ളം കയറി. കാലിക്കടവ് പാലവും മൂടി. നമ്പൂരിപ്പൊട്ടി പള്ളിയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ ഞായറാഴ്ചയോടെ വീടുകളിലേക്ക് മാറിയിരുന്നു. ഇതിനിടയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ വീണ്ടും ഇവര്‍ ക്യാംപിലേക്ക് മടങ്ങി. പുതുതായി നാല് കുടുംബങ്ങളെ കൂടി ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചെട്ടിയാംപാറയിലും ആഢ്യന്‍പാറ വനമേഖലയിലും ബുധനാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചിരുന്നു. നിലമ്പൂര്‍-നായാടംപൊയില്‍ മലയോരപാതയോട് ചേര്‍ന്നുള്ള പന്തീരായിരം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുറുവന്‍പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി.
പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ വേലാപ്പൊറ്റ ആട്ടുമലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. നാശനഷ്ടമോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലമ്പുഴയിലേക്കുള്ള നീരൊഴുക്കിന് ശക്തി കൂടി. ഇതേത്തുടര്‍ന്ന് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. ജില്ലയിലെ മീങ്കര ഡാം ഇന്നലെ തുറന്നു. ചുള്ളിയാര്‍, വാളയാര്‍ ഡാമുകളിലും നീരൊഴുക്ക് ഉയരുന്നുണ്ട്.
അതിനിടെ, ഇരിട്ടി അയ്യന്‍കുന്നില്‍ ഇന്നലെ വീണ്ടും ഉരുള്‍പൊട്ടി. ഉരുപ്പുംകുറ്റി ഏഴാംകടവ് കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആളപായമില്ല. ഉരുപ്പുംകുറ്റിയെയും ഏഴാംകടവിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം ഒഴുകിപ്പോയി.
കനത്ത മഴ തുടരുന്ന വയനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലുണ്ടായ പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍ മലയില്‍ ഞായറാഴ്ച രാത്രി മുതല്‍ മൂന്നു തവണയായിരുന്നു വന്‍ ഉരുള്‍പൊട്ടല്‍. ആളുകള്‍ നേരത്തേ തന്നെ ഒഴിഞ്ഞതിനാല്‍ അപായമില്ല. ബാണാസുര ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഇന്നലെ പകല്‍സമയത്ത് ചെറിയതോതില്‍ ഉരുള്‍പൊട്ടി. ദമ്പതികള്‍ മരിച്ച തലപ്പുഴ മക്കിമലയില്‍ ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss