4 മലയാളികള്‍ 5 വര്‍ഷമായി മലേസ്യന്‍ ജയിലില്‍

പത്തനംതിട്ട: മലേസ്യന്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ തേടുന്നു. എരുമേലി സ്വദേശി എബി അലക്‌സ്, പത്തനാപുരം സ്വദേശി രഞ്ജിത് രവീന്ദ്രന്‍, വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍, ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദന്‍ എന്നിവരാണ് മോചനം പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കൊപ്പം അറസ്റ്റിലായ ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കരയിലുള്ള രതീഷ് രാജന്‍, വര്‍ക്കല  സ്വദേശി മുഹമ്മദ് കബീര്‍ ഷഫി എന്നിവര്‍ മോചിതരായി നാട്ടിലെത്തി. 2013 ജൂലൈ 26നാണ് ഇവരെല്ലാം ജയിലിലായത്.
മയക്കുമരുന്ന് കേസിലാണ് ഇവര്‍ അറസ്റ്റിലായത് എന്നാണു വിവരം. പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയി മയക്കുമരുന്നു കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് തടവിലായവരുടെ ബന്ധുക്കള്‍ പറയുന്നത്. ജോലിക്കു കയറിയ ശേഷം നാട്ടിലേക്കു വിളിച്ചപ്പോള്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ജോലിയെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ അനുമതിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. സമ്മര്‍ദം കാരണമാണ് അവര്‍ക്ക് സത്യം തുറന്നുപറയാന്‍ പറ്റാഞ്ഞതെന്നും ജോലി നല്‍കിയവര്‍ ഇവരെ കുടുക്കിയതാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മടങ്ങിയെത്തിയവരോട് ചോദിച്ചിട്ടും കൃത്യമായ വിവരം കിട്ടിയില്ല. കൊണ്ടുപോയവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പരാതിയും നടപടികളുമായി പോയാല്‍ ജയിലിലുള്ളവര്‍ അപകടത്തിലാവുമെന്നു ചിലര്‍ മുന്നറിയിപ്പു നല്‍കി. അതുകൊണ്ടാണ് പലരും മോചന ആവശ്യവുമായി രംഗത്തുവരാതിരുന്നത്. ഇവര്‍ മലേസ്യന്‍ ജയിലില്‍ കഴിയുന്നതായി കാണിച്ച് ആന്റോ ആന്റണി എംപിക്ക് രണ്ടുവര്‍ഷം മുമ്പു പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സുഷമ സ്വരാജിന് രണ്ടുദിവസം മുമ്പ് പരാതി ഫാക്‌സ് ചെയ്തതായും ഇവര്‍ അറിയിച്ചു. ജയിലിലുള്ള ചിലര്‍ ഇടയ്ക്ക് ഫോണില്‍ വിളിക്കുന്നുണ്ട്. വക്കീലിനെ വച്ച് തങ്ങള്‍ കേസ് നടത്തുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഫോണ്‍ ചെയ്തതിന് ചിലര്‍ക്ക് മര്‍ദനമേറ്റതായി മടങ്ങിയെത്തിയ ചിലര്‍ പറഞ്ഞു. എന്താണു സ്ഥിതിയെന്നു വ്യക്തമല്ല.
ബന്ധുക്കളായ അഖില സജിത്ത്, അനില ആനന്ദ്, സുധാകരന്‍, സരസ്വതി, രവീന്ദ്രന്‍, ജേക്കബ് അലക്‌സാണ്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it