മട്ടന്നൂര്‍: ചാവശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം സെക്രട്ടറിയും പയഞ്ചേരിമുക്കിലെ എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരനുമായ കോട്ടപ്പുറം വീട്ടില്‍ എം രാജീവന്‍(45), ഭാര്യയും ചാവശ്ശേരി സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പറുമായ കെ പി ചിത്രലേഖ (34), ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കെ പി അമല്‍രാജ് (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം അകത്തുചെന്ന് അവശനിലയിലായ മകള്‍ കെ പി അമിതാരാജ് (12) കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ വീടിനു പിറകുവശത്തുള്ള കശുമാവിന്‍ തോട്ടത്തിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജീവിന്റെ മൃതദേഹം കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയിലായിരുന്നു. പുലര്‍ച്ചെ 4.30ഓടെ ഇരിക്കൂറിലുള്ള മാമാനം അമ്പലത്തിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. കുറച്ചുസമയം കഴിഞ്ഞ് ഇളയമകള്‍ അമിതാരാജ് വീട്ടിലേക്ക് ഓടിയെത്തുകയും അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വിഷം തന്നെന്ന് വീട്ടുകാരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും രാജീവനെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയിലും ചിത്രലേഖയേയും അമല്‍രാജിനെയും ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഇരുവരെയും ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
ഐസ്‌ക്രീമില്‍ കീടനാശിനി കലര്‍ത്തിയാണ് മരിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാജീവന്‍ എഴുതിയതെന്നു കരുതുന്ന കത്ത് വീട്ടില്‍നിന്ന് പോലിസ് കണ്ടെടുത്തു.
കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു പറയുന്ന കത്തിനോടൊപ്പം പണം കൊടുക്കാനും കിട്ടാനുമുള്ളവരുടെ ലിസ്റ്റുമുണ്ട്. മട്ടന്നൂര്‍ ാേപലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരേതനായ കോട്ടപ്പുറം ബാലന്‍ - എം ദേവി ദമ്പതികളുടെ മകനാണ് രാജീവന്‍. സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്. തില്ലങ്കേരി ചാളപ്പറമ്പിലെ കൂഞ്ഞാറക്കുന്നില്‍ കുഞ്ഞിരാമന്‍ - സരസ്വതി ദമ്പതികളുടെ മകളാണ് ചിത്രലേഖ. സഹോദരങ്ങള്‍: മനോജ്, രാജേഷ്, വിജേഷ്.
Next Story

RELATED STORIES

Share it