Flash News

39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ആഭ്യന്തരകലാപം നടക്കുന്ന ഇറാഖില്‍ 2014ല്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇന്നലെ പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവര്‍ പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്കു കൊണ്ടുവരും. ഇതിനായി വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് ഇറാഖിലേക്കു പോവുമെന്നും മന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം പെനിട്രേഷന്‍ റഡാര്‍ സംവിധാനത്തിലൂടെ കണ്ടെത്തി അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇന്ത്യക്കാരാണെന്ന് ഉറപ്പുവരുത്തിയത്. 40 ഇന്ത്യക്കാരെയാണ് ഇറാഖിലെ മൗസിലില്‍ നിന്ന് ഐഎസ് പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഹര്‍ജീത് മാസി എന്നയാള്‍ ബംഗ്ലാദേശ് മുസ്‌ലിമാണെന്ന വ്യാജേന രക്ഷപ്പെട്ടു. ശേഷിച്ച 39 പേരും ഇറാഖിലെ ബദൂഷില്‍ കൊല്ലപ്പെട്ടു. ഇവിടെ നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണു മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് കുഴിച്ചുമൂടിയതായി പ്രദേശവാസികള്‍ വെളിപ്പെടുത്തിയതെന്നും സുഷമ പറഞ്ഞു.
ഇറാഖ് അധികൃതരുടെ സഹായത്തോടെ വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ മന്ത്രാലയത്തിലെ മൂന്നംഗ സംഘമാണ് ബദൂഷില്‍ തിരച്ചില്‍ നടത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ വിശദ പരിശോധനകള്‍ക്കായി പിന്നീട് ബഗ്ദാദിലേക്ക് അയച്ചു. 39 മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന ബഗ്ദാദില്‍ നടത്തി. ഇതില്‍ 38ഉം ഇന്ത്യക്കാരുടേതാണെന്നു കണ്ടെത്തി. നീണ്ട മുടിയിഴകളും ഇറാഖികളുടേതല്ലാത്ത ഷൂസുകളും മറ്റു തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തതോടെയാണ് പ്രാഥമികമായി ഇന്ത്യക്കാര്‍ എന്നു സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, എംപി പ്രതാപ് സിങ് ബാജ്‌വ, കാണാതായ ഇന്ത്യക്കാരെക്കുറിച്ചു തനിക്കറിയാമെന്ന് ഹര്‍ജീത് മാസി എന്നയാള്‍ അവകാശപ്പെട്ട വിവരം ചൂണ്ടിക്കാട്ടി. എന്നാല്‍, മാസിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സുഷമ വ്യക്തമാക്കി. അയാള്‍ കൂട്ടക്കൊലയ്ക്കിടെ രക്ഷപ്പെട്ടുവെന്ന വാദം തെറ്റാണ്. അലി എന്ന വ്യാജപേരില്‍ ബംഗ്ലാദേശികളോടൊപ്പമാണ് മാസി രക്ഷപ്പെട്ടതെന്നാണു വിവരമെന്നും സുഷമ പറഞ്ഞു. അക്രമികള്‍ എല്ലാവരെയും വെടിവച്ച് കൊന്നപ്പോള്‍ താന്‍ മരിച്ചപോലെ കിടന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹര്‍ജിത് മാസി നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.
മരിച്ചവര്‍ക്ക് വേണ്ടി പാര്‍ലമെന്റ് അംഗങ്ങള്‍ രണ്ടു മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു. ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞ 38 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ 8-10 ദിവസത്തിനകം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ് പറഞ്ഞു.
ഇന്ത്യക്കാരായ 39 പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയ അതേസമയം തന്നെയാണ് കേരളത്തില്‍ നിന്നുള്ള 46 നഴ്‌സുമാര്‍ സായുധരുടെ പിടിയിലാവുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമകരമായ ഇടപെടലുകള്‍ക്ക് ഒടുവിലാണ് ഇവരെ മോചിപ്പിച്ചത്.
Next Story

RELATED STORIES

Share it