|    Jul 28 Fri, 2017 8:31 am
Home   >  Todays Paper  >  Page 5  >  

3,852 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവ്

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ടതിന്റെ പേരില്‍ ശമ്പളം മുടങ്ങിയ 3852 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പുനര്‍വിന്യാസം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ശമ്പളം ലഭ്യമാവും. സര്‍ക്കാരിന്റെ പുനര്‍വിന്യാസ ഉത്തരവുകള്‍ക്ക് അനുസൃതമായി കെഇആറില്‍ ആവശ്യമായ ഭേദഗതികള്‍ പിന്നീട് വരുത്തുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
പുനര്‍വിന്യാസമനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന എല്‍പി/യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സഹായിക്കുന്നതിന് ഓരോ അധ്യാപകരെ നിയമിക്കാം. എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് എസ്എസ്എ ഉള്‍പ്പെടെയുള്ള പ്രൊജക്ടുകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടിട്ടുള്ള എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകളിലും സംരക്ഷിതാധ്യാപകരെ നിയമിക്കാവുന്നതാണ്.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് എല്ലാ വിദ്യാലയത്തിലും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതിനാല്‍ പുനര്‍വിന്യസിക്കപ്പെടുന്ന കല, കായികം, പ്രവൃത്തിപരിചയം, തുന്നല്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ ഒന്നിലധികം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ ക്ലബ് ചെയ്ത് നിയമനം നടത്തണം. അങ്ങനെ ക്ലബ് ചെയ്യുമ്പോള്‍ യുപി വിഭാഗത്തില്‍ നിയമിച്ചവരെ അവയുടെതന്നെ എല്‍പിയിലും തിരിച്ചും വിന്യസിക്കാം. ആര്‍എംഎസ്എ സ്‌കൂളുകളില്‍ അധികംവരുന്ന ഒഴിവുകളില്‍, ഐടി അറ്റ് സ്‌കൂളില്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തുടരുന്ന അധ്യാപകര്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിക മോണിറ്ററിങ് സമിതികളിലേക്കു നിയമിക്കപ്പെടുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും പകരം, തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ നിയമിക്കാം. പുനര്‍വിന്യാസത്തിന് ഏതെങ്കിലും തസ്തികയിലോ കാറ്റഗറിയിലോ ഒരു ജില്ലയില്‍ സംരക്ഷിത അധ്യാപകര്‍ ലഭ്യമായില്ലെങ്കില്‍ ഇതരജില്ലകളിലെ സംരക്ഷിത അധ്യാപക പട്ടികയില്‍നിന്നു ലഭ്യമാക്കാനുള്ള ക്രമീകരണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക