ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ്; കരിപ്പൂര്‍ വീണ്ടും ഉള്‍പെടുത്തി

സ്വന്തം പ്രതിനിധി

കരിപ്പൂര്‍: കേരളത്തിന്റെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വീണ്ടും കരിപ്പൂര്‍ വിമാനത്താവളം പരിഗണിച്ചു. കരിപ്പൂരില്‍ റണ്‍വെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. യഥാസമയം വിമാന സര്‍വീസ് ആരംഭിക്കാനായില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹജ്ജ് സര്‍വീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വരും.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 21 ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് ഇത്തവണയും കേന്ദ്രം പരിഗണിച്ചത്. ഓരോ സംസ്ഥാനങ്ങളിലെയും തീര്‍ത്ഥാടകര്‍ ഹജ്ജിനു പോകേണ്ട സ്ഥലങ്ങളാണ് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് കരിപ്പൂരില്‍നിന്ന് ഹജ്ജിന് പുറപ്പെടുക. ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഹജ്ജിനു പുറപ്പെടുന്നത്.
ഹജ്ജ് സര്‍വീസുകള്‍ ആഗസ്ത് എട്ടിനാണ് ആരംഭിക്കുന്നത്. കേരള എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലെ റണ്‍വെ അറ്റകുറ്റപ്പണിയുടെ പേരില്‍ അവസാന നിമിഷം നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വരുമോ എന്ന സന്ദേഹം നിലനില്‍ക്കുന്നുണ്ട്. ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറുകാരായതിനാല്‍ കരിപ്പൂരാണ് ഏറ്റവും സൗകര്യം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനായി തിരഞ്ഞെടുത്ത ഹജ്ജ് ട്രെയ്‌നര്‍മാരുടെ പരിശീലനം ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. ഹജ്ജ് അപേക്ഷ സ്വീകരണം 14ന് ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ മുന്നോടിയാണ് യോഗം. സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഹജ്ജ് കമ്മിറ്റി അപേക്ഷകള്‍ വാങ്ങി അഭിമുഖം നടത്തിയാണ് ഹജ്ജ് ട്രെയ്‌നര്‍മാരെ കണ്ടെത്തിയത്. ഹജ്ജിന് അപേക്ഷ നല്‍കുന്നത് മുതല്‍ അവസരം ലഭിച്ച് തീര്‍ത്ഥാടനത്തിന് പോകുന്നത് വരെയുള്ള കാര്യങ്ങളില്‍ ഓരോരുത്തരേയും സഹായിക്കുന്നതിനായാണ് ഹജ്ജ് ട്രെയ്‌നര്‍മാരെ നിയമിച്ചത്. സംസ്ഥാനത്ത് 300 ട്രെയ്‌നര്‍മാരാണ് സേവനം മാത്രം ലക്ഷ്യം വച്ച് മുന്നിട്ടിറങ്ങുന്നത്. രാവിലെ 9.30ന് ട്രെയ്‌നര്‍മാരുടെ പരിശീലനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
നാളെ ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഹജ്ജ് കമ്മിറ്റി യോഗം ചേരും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഫെബ്രുവരി 8 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഹജ്ജ് അപേക്ഷകരില്‍ രണ്ടുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വിമാനക്കൂലിയുടെ 10 ശതമാനം നല്‍കിയാല്‍ മതി. നിലവില്‍ അപേക്ഷകരായ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കണം ഇവരുടെ അപേക്ഷയും നല്‍കേണ്ടത്. രണ്ടു വയസ്സിന് മുകളില്‍ പ്രായമുളളവരെല്ലാം ഹജ്ജിന്റെ മുഴുവന്‍ ഗഡുക്കളും അടച്ചിരിക്കണം. പൂര്‍ണ ഗര്‍ഭിണികള്‍, മാനസിക വിഭ്രാന്തിയുളളവര്‍, മാറാരോഗികള്‍, പകര്‍ച്ചവ്യാധി പിടിപെട്ടവര്‍, ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഒരിക്കല്‍ ഹജ്ജിന് പോയവര്‍ എന്നിവരുടെ അപേക്ഷകള്‍ സ്വീകരിക്കില്ല.
Next Story

RELATED STORIES

Share it