38 പഞ്ചായത്തുകളില്‍ കൂടി മാവേലി സ്റ്റോറുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 38 പഞ്ചായത്തുകളില്‍ കൂടി മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അടൂര്‍ പ്രകാശിനെ അറിയിച്ചു.
അതിനുശേഷം ഓരോ പഞ്ചായത്തിലും മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും. സബ്‌സിഡി നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന് 150 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഉല്‍പാദനകേന്ദ്രങ്ങളില്‍ നേരിട്ടുപോയി ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്നത് പരിശോധിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിഭാ ഹരി, പി കെ ബഷീര്‍, സണ്ണി ജോസഫ്, കെ വി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ആഗോള ടെന്‍ഡര്‍ വിളിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പി ടി തോമസ്, സണ്ണി ജോസഫ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ അവസാനത്തോടെ കരാര്‍ നല്‍കാനും ആഗസ്ത് മാസത്തോടെ ജോലികള്‍ പുനരാരംഭിക്കാനും കഴിയും. പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും സാമൂഹിക സുരക്ഷാ മിഷനും പുനസ്സംഘടിപ്പിക്കുന്ന കാര്യം ആലോചിച്ചുവരുന്നതായി കെ വി അബ്ദുല്‍ഖാദറിനെ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം 384 കേസുകള്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പി കെ ബഷീറിനെ മന്ത്രി അറിയിച്ചു. 65 വയസ്സുകഴിഞ്ഞ മുതിര്‍ന്ന പൗരന്‍ന്മാര്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നതിനുള്ള വയോമിത്രം പദ്ധതി ഘട്ടംഘട്ടമായി മുഴുവന്‍ മുനിസിപ്പല്‍ പ്രദേശത്തും നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it