wayanad local

38 കോടിയുടെ വികസന പദ്ധതി കടലാസിലൊതുങ്ങി

മാനന്തവാടി: ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലം 38 കോടി രൂപയുടെ പദ്ധതി കടലാസിലൊതുങ്ങി. ജില്ലാ ആശുപത്രിയോട് ജില്ലാ പഞ്ചായത്ത് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഒ ആര്‍ കേളു എംഎല്‍എ പ്രസിഡന്റിന് തുറന്ന കത്തയച്ചു. 38 കോടി രൂപ ചെലവില്‍ ആറു നിലകളിലായി ഉയരുന്ന മള്‍ട്ടി പര്‍പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തിയാണ് നിലച്ചത്. ജില്ലാ ആശുപത്രിയുടെ ശോച്യവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് മുഖേന 38 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയതാണ്. എന്നാല്‍, 6 മാസം കഴിഞ്ഞിട്ടും കെട്ടിടം പണിയാന്‍ ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പിന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ കൈമാറിട്ടിയിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സമയത്ത് കരാറുകാര്‍ തമ്മിലുള്ള തര്‍ക്കം കാരണം ഈ പദ്ധതി സംബന്ധിച്ച് കേസ് ഹൈക്കോടതിയായിരുന്നു. ആ ഘട്ടത്തില്‍ ഒ ആര്‍ കേളു എംഎല്‍എ വിഷയത്തില്‍ ഇടപെടുകയും അഡ്വക്കറ്റ് ജനറിനെ നേരിട്ട് കാണുകയും ചെയ്തു. കേസിന്റെ അടിയന്തര സ്വഭാവം മനസ്സിലാക്കി കേസിന്റെ ബെഞ്ച് മാറ്റുകയും ആരോഗ്യ-പൊതുമരാമത്ത്-നിയമ മന്ത്രിമാരുടെ ഇടപെടലിന്റെ സഹായത്തോടെ കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. നബാര്‍ഡിന്റെ ഫണ്ടായതിനാല്‍, കാലതാമസം നേരിട്ടാല്‍ ഫണ്ടും പദ്ധതിയും നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. പ്രസ്തുത കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടും ഇതുവരെ നടപ്പിലായിട്ടില്ല. പ്രസ്തുത പദ്ധതി വേഗം നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാവണമെന്നും കാലതാമസം കാരണം പദ്ധതി മുടങ്ങിയാല്‍ പൂര്‍ണ ഉത്തരവാദി ജില്ലാ പഞ്ചായത്ത് ആയിരിക്കുമെന്നും ഒ ആര്‍ കേളു എംഎല്‍എ കത്തില്‍ സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് പുറമെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ജില്ലാ ആശുപത്രി സൂപ്രണ്ടിനും ഒ ആര്‍ കേളു എംഎല്‍എ കത്ത് നല്‍കിയിട്ടുണ്ട്. ജില്ലയ്ക്കു പുറമെ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിര്‍ധന രോഗികള്‍ പോലും ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. പുതിയ മര്‍ട്ടി പര്‍പസ് ഹോസ്പിറ്റല്‍ ബ്ലോക്ക് പണി പൂര്‍ത്തിയാല്‍ ജില്ലാ ആശുപത്രിയുടെ മുഖച്ഛായ മാറും. ജില്ലാ ആശുപത്രിയില്‍ ചിതറിക്കിടക്കുന്ന വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയും.
Next Story

RELATED STORIES

Share it