370ാം വകുപ്പ് എടുത്തുകളയാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് നീക്കം ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമാണെന്ന് സുപ്രിംകോടതി. ഇത്തരം ആവശ്യങ്ങളില്‍ നിര്‍ദേശം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്നു ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അമിതാവ് റോയി എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
370ാം വകുപ്പ് ഭരണഘടനയില്‍ നിന്ന് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
370ാം വകുപ്പ് സ്ഥിരമാണെന്നും അതു ഭേദഗതി ചെയ്യാനോ എടുത്തുകളയാനോ സാധിക്കില്ലെന്നും നേരത്തേ ജമ്മു-കശ്മീര്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയിലെ ഏതെങ്കിലും ഒരു വ്യവസ്ഥ നീക്കംചെയ്യണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ കോടതിക്കു കഴിയില്ല. 370ാം വകുപ്പ് റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശില്‍ നിന്നുള്ള അഭിഭാഷകന്‍ ബി പി യാദവാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.
370ാം വകുപ്പ് റദ്ദാക്കുന്നതോടൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു ബാധകമായ നിയമങ്ങളും ചട്ടങ്ങളും ജമ്മു-കശ്മീരിനും ബാധകമാക്കണം. ഭരണഘടനയിലെ 'ജമ്മു-കശ്മീരിന് ഒഴികെ' എന്ന പദം നീക്കം ചെയ്യണം തുടങ്ങിയ കാര്യങ്ങളും ഭരണഘടന എഴുതുമ്പോഴുള്ള താല്‍ക്കാലിക വ്യവസ്ഥയായിരുന്നു ഇതെന്നും എന്നാല്‍ ഇപ്പോഴും ആ വകുപ്പ് തുടരുന്നതില്‍ അര്‍ഥമില്ലെന്നും യാദവ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിശദമായ ഹരജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it