palakkad local

പൊതു സ്ഥലം കൈയേറി അനധികൃത കെട്ടിട നിര്‍മാണം ഒഴിപ്പിക്കുമെന്ന്

ആലത്തൂര്‍: കാവശ്ശേരി മാടമ്പിക്കാട്ടില്‍ പൊതു സ്ഥലം കൈയേറി അനധികൃത കെട്ടിട നിര്‍മാണം പഞ്ചായത്ത് ഒഴിപ്പിക്കുമെന്ന് പ്രസിഡന്റ് പി സി ഭാമ പറഞ്ഞു. പൊതുകിണറും കുഴല്‍ക്കിണറും സ്ഥിതി ചെയ്യുന്ന സ്ഥലം പഞ്ചായത്ത് പുറമ്പോക്കാണ്. കൈയേറ്റം ഒഴിപ്പിക്കുന്നതിനും നിര്‍മാണം തടയുന്നതിനും നിയമാനുസൃതമായ നോട്ടീസ് ഉടന്‍ നല്‍കും.
പൊതു സ്ഥലം കൈയേറി കെട്ടിടം നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു. നിയമലംഘനം, കൈയേറ്റം, അനധികൃത നിര്‍മാണം എന്നിവ നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച് കമ്മീഷന്‍ കോടതിക്ക് വിശദ റിപോര്‍ട്ട് സമര്‍പ്പിക്കും.
ഇവിടെ താല്‍ക്കാലിക ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് മെയ് ഒന്നിന് സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ തുടങ്ങിയത്. വൈകീട്ട് പണി തുടങ്ങിയപ്പോള്‍ സമീപവാസികളില്‍ ഒരു വിഭാഗം തടയാനെത്തി.
കെട്ടിടം നിര്‍മിക്കുന്നതിനെ അനുകൂലിച്ച് മറുവിഭാഗവും എത്തി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടമെത്തിയതോടെ  ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. പോലിസ് തിരിച്ചു പോയ ശേഷം നിര്‍ദ്ദേശം ലംഘിച്ച് രാത്രി ഒമ്പത് മണിയോടെ നിര്‍മാണം പുനരാരംഭിച്ചു.
വീണ്ടും സ്ഥലത്തെത്തിയ പോലിസ് നിര്‍മാണ സാമഗ്രികള്‍ എടുത്തു കൊണ്ടുപോയി. പഞ്ചായത്ത് പുറമ്പോക്കിലെ പൊതുകിണറിന്റെ ഒരു വശം ചേര്‍ന്നും കുഴല്‍ക്കിണറിന്റെ ഹാന്‍ഡില്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തടസ്സമുണ്ടാക്കും വിധവും ആയിരുന്നു നിര്‍മാണം. കെട്ടിടം നിര്‍മിക്കുന്നതിനു സമീപത്തെ സിപിഎം സ്തൂപത്തിന് കേടുപാട് പറ്റിയതായി കാണപ്പെട്ടതോടെ കൊടിമരം നശിപ്പിച്ചുവെന്ന് ആരോപിച്ച് പ്രവത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കെട്ടിട നിര്‍മാണം പുനരാരംഭിച്ചു.
അസ്ഥിവാരവും അഞ്ചടി പൊക്കത്തില്‍ ചുമരും പൂര്‍ത്തിയാക്കി. എതിര്‍ പക്ഷത്തെ നൂറിലധികം പേര്‍ കലക്ടര്‍, എസ്പി, മനുഷ്യാവകാശ കമ്മീഷന്‍, തഹസില്‍ദാര്‍, ഡിവൈഎസ്പി, സിഐ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കി. ക്ലബ്ബ് പക്ഷത്ത് സിപിഎമ്മും എതിര്‍ പക്ഷത്ത് കോണ്‍ഗ്രസും നിലയുറപ്പിച്ചതോടെ പ്രശ്‌നം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it