malappuram local

3650 പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി

മലപ്പുറം: രാത്രികാലങ്ങളില്‍ പശുക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖങ്ങളും അത്യാഹിതങ്ങളുമുണ്ടായാല്‍ എന്തുചെയ്യുമെന്ന ആധി ഇനി കര്‍ഷകര്‍ക്ക് വേണ്ട. രാത്രികാല അത്യാഹിത മൃഗചികിത്സാ സേവന പദ്ധതി മൃഗസംരക്ഷണ വകുപ്പ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുകയാണ്. പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലാണ് നിലവില്‍ സംവിധാനമുള്ളത്. മറ്റ് ബ്ലോക്കുകളിലേക്ക് കൂടി സൗകര്യം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. കരാര്‍ വ്യവസ്ഥയില്‍ നിയമിതനായ ഒരു വെറ്ററിനറി ഡോക്ടറുടെ സേവനമാണ് കര്‍ഷകര്‍ക്ക് രാത്രികാലങ്ങളില്‍  ഉപകരിക്കുക.
പശുക്കള്‍ക്ക് ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖവും അത്യാഹിതവുമുണ്ടായാല്‍ ഈ വെറ്ററിനറി ഡോക്ടറുടെ സഹായം തേടാം. അതിനായി അതത് പ്രദേശങ്ങളിലെ മൃഗാശുപത്രികളില്‍ നിന്ന് വെറ്ററിനറി ഡോക്ടറുടെ ഫോണ്‍ നമ്പറും മറ്റ് വിശദവിവരങ്ങളും ലഭ്യമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ പറഞ്ഞു. രാത്രികാല സേവനം ലഭ്യമാക്കുന്നതിന് പുറമെ 2017-18 വര്‍ഷത്തില്‍ ജില്ലയില്‍ 1400 പശുക്കളെ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ഇന്‍ഷൂര്‍ ചെയ്യാനും മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞു. പുതിയ പദ്ധതിയായ ഗോസമൃദ്ധി’ പ്രകാരം ജില്ലയില്‍ 3650 പശുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനുള്ള നടപടികളും മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it