36 പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

കാസര്‍കോട്: മണല്‍ മാഫിയാസംഘത്തിന് ഒത്താശ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ എസ്‌ഐമാര്‍ ഉള്‍പ്പെടെ 36 പോലിസ് ഉദ്യോഗസ്ഥര്‍ക്കെതി രേ യും എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ യും നടപടി എടുക്കാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മൂന്ന് എസ്‌ഐമാര്‍, ആറ് എഎസ്‌ഐമാ ര്‍, പോലിസുകാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങി 36 പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ.
ഹൈവേ പോലിസ് ഡ്യൂട്ടി ഉണ്ടായിരുന്ന എം വി ചന്ദ്രന്‍ (ക ണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട്), കൃഷ്ണ നായക് (കണ്‍ട്രോള്‍ റൂം കാസര്‍കോട്), സോമയ്യ (ട്രാഫിക് കാസര്‍കോട്) എന്നിവരാണ് നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട എസ്‌ഐമാര്‍. എഎസ്‌ഐമാരായ പി ആനന്ദ, പി മോഹനന്‍, നീലേശ്വരത്തെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പ്രതീഷ്, പെര്‍ള ചെക് പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍, ആര്‍ടിഒ ചെ ക്‌പോസ്റ്റിലെ എഎംവി എന്നിവരും ലിസ്റ്റിലുണ്ട്. ഇതില്‍ ചന്ദ്രന്‍, ആനന്ദ, മോഹനന്‍ എന്നിവരെ നേരത്തേ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.
ആരോപണം ഉയര്‍ന്ന അവസരത്തില്‍ ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് പ്രാഥമികാന്വേഷണം നടത്താ ന്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി ജ്യോതികുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. അതോടൊപ്പം ഡിജിപിയുടെ നിര്‍ദേശ പ്രകാ രം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയിരുന്നു.
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള രണ്ട് അന്വേഷണസംഘത്തിന്റെയും റിപോര്‍ട്ടുകള്‍ അംഗീകരിച്ചാണ് ഡിജിപി ഇപ്പോള്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. പോലിസ് സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കുകയോ വിജിലന്‍സിനു കൈമാറി അന്വേഷണം നടത്തുകയോ വേണമെന്ന് ഡിവൈഎസ്പിയും ക്രൈംബ്രാഞ്ച് എസ്പിയും ആഭ്യന്തര വകുപ്പിനു നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി മുതല്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വരെയുള്ള ദേശീയപാതയിലൂടെ ശക്തമായ പട്രോളിങ് സംവിധാനമുണ്ട്. എന്നാല്‍, മണല്‍ മാഫിയാ സംഘങ്ങള്‍ പട്രോളിങ് സംഘത്തിലെ പോലിസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നുണ്ടെന്ന് നേരത്തേ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഉന്നതതല അന്വേഷണത്തില്‍ കൈക്കൂലി ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കര്‍ണാടകയില്‍ നിന്നു മണല്‍ കയറ്റിവരുന്ന ടോറസ് ലോറികള്‍ ചില കേന്ദ്രങ്ങളില്‍ തടഞ്ഞുനിര്‍ത്തി കൈക്കൂലി ചോദിച്ചുവാങ്ങി കടത്തിവിടുകയാണ് പതിവ്. രാത്രി 8 മുതല്‍ പുലര്‍ച്ചെ വരെ നൂറുകണക്കിന് മണല്‍ലോറികളാണ് അതിര്‍ത്തി കടന്നുവരുന്നത്.
കാസര്‍കോട് ജില്ലയിലെ കടവുകളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് മണല്‍ മാഫിയകള്‍ കര്‍ണാടക കേന്ദ്രീകരിച്ചു കേരളത്തിലേക്ക് മണല്‍ക്കടത്ത് ആരംഭിച്ചത്. മഞ്ചേശ്വരം ചെക്‌പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃതമായി മണല്‍ കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിരുന്നു.
കേരളത്തില്‍ മണലിന് പൊന്നുംവിലയാണ് ലഭിക്കുന്നത്. പക്ഷേ, കര്‍ണാടകയില്‍ നിസ്സാര വിലയ്ക്കാണ് മണല്‍ കിട്ടുന്നത്. ഇതാണ് മണല്‍ മാഫിയ കര്‍ണാടക കേന്ദ്രീകരിച്ച് കടത്തു തുടങ്ങാന്‍ കാരണമായത്. കാസര്‍കോട് ജില്ലയില്‍ മാത്രമല്ല കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലേക്ക് കര്‍ണാടകയി ല്‍ നിന്ന് മണല്‍ കടത്തുന്നുണ്ട്. രാത്രികാല ഹൈവേ പട്രോളിങ് ലോറികള്‍ മണല്‍ ക്കടത്ത് വാഹനങ്ങളില്‍ നിന്ന് മാമൂല്‍ വാങ്ങി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു പതിവ്.

Next Story

RELATED STORIES

Share it