|    Jan 18 Wed, 2017 3:41 pm
FLASH NEWS

മരണത്തിന്റെ നഗരം

Published : 24th August 2015 | Posted By: admin

dhanushkodi
.

യാസിര്‍ അമീന്‍

യാത്രകള്‍ പലപ്പോഴും ഓരോ പിന്‍വിളികളാണ്, ആത്മാവിലുറങ്ങുന്ന ഏതോ മായാസ്വപ്‌നത്തിന്റെ പിന്‍വിളികള്‍. ധനുഷ്‌കോടിയിലേക്കുള്ള ഈ യാത്രയും അതുപോലൊരു അനുഭവമായിരുന്നു. അടുത്ത യാത്ര ധനുഷ്‌കോടിയിലേക്കെന്ന് ഫേസ്ബുക്കില്‍ അന്‍സാര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത ആ ദിവസം തന്നെയാണ് ഞങ്ങള്‍ അഞ്ചുപേര്‍ അങ്ങോട്ട് യാത്ര തിരിച്ചതും.

തുടക്കത്തില്‍ ഞാനും റാഷീക്കയും മാത്രം. കോഴിക്കോടുനിന്ന് അനസും ഷമീറും കയറി. മലപ്പുറത്തുനിന്ന് അന്‍സാറും കൂടി. അവിടുന്ന് മണ്ണാര്‍ക്കാട് വഴി തമിഴ്‌നാട്ടിലേക്ക്. കൊടൈക്കനാലിന്റെ ശരീരം തുളയ്ക്കുന്ന തണുപ്പും മധുരമീനാക്ഷി ക്ഷേത്രത്തിലെ കണ്ണഞ്ചിപ്പിച്ച വാസ്തുവിദ്യയും എല്ലാം ഒറ്റ ദിവസം കൊണ്ടു തീര്‍ത്തു. കാരണം ധനുഷ്‌കോടി മാത്രമായിരുന്നു മനസ്സില്‍.

അന്നു രാത്രി തന്നെ രാമേശ്വരത്തെത്താനായിരുന്നു പരിപാടിയെങ്കിലും വൈകി. താമസിക്കാനുള്ള മുറി തരമാവുമ്പോഴേക്കും രാത്രി ഒരുപാടു കഴിഞ്ഞിരുന്നു. ഇനി രാവിലെയേ യാത്രയുള്ളൂ.
രാമേശ്വരത്തു നിന്ന് അര മണിക്കൂര്‍ മാത്രമേ സ്വന്തം വാഹനത്തില്‍ പോകാനാവൂ. അവിടുന്നങ്ങോട്ട് 14 കിലോമീറ്റര്‍ പ്രത്യേക വാഹനമാണ്.

ഞങ്ങളെയും കാത്ത് ഒരു വാന്‍ അകലെ കിടപ്പുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങളെല്ലാവരും വാഹനത്തില്‍ കയറി. ഡ്രൈവറുടെ സീറ്റിനടുത്തും എന്‍ജിന്‍ മുകളിലുമായി ഞങ്ങള്‍ സ്ഥാനം പിടിച്ചു. വാനില്‍ വേറെയും ചിലരുണ്ട്, കോഴിക്കോട്ടു നിന്ന് ഒരു ശബരിമലസംഘം. മല കയറി നേരേ പുറപ്പെട്ടതാണവര്‍.

 

.

 

dhanushkodi-1

.

 

 ‘ഈ കാണുന്നത് ഇന്ത്യന്‍ മഹാസ മുദ്രം. അപ്പുറത്ത് ബംഗാള്‍ ഉള്‍ക്കടലും- പുറത്തേക്കു നോക്കി ഡ്രൈവര്‍ പറഞ്ഞു. കടല്‍ തീരത്തു കൂടെയാണ് ഇപ്പോള്‍ യാത്ര. പുറത്ത് ചെറിയ ചാറ്റലുണ്ട്. രണ്ടു മഹാസമുദ്രങ്ങള്‍ക്കിടയില്‍ ഒരു തുരുത്ത് അതാണ് ധനുഷ്‌കോടി.

1964ല്‍ പടിഞ്ഞാറന്‍ കടല്‍തീരത്ത് അടിച്ചുവീശിയ ഒരു കൊടുങ്കാറ്റിലാണ് തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ പട്ടണമായിരുന്ന ധനുഷ്‌കോടി ഈ ലോകത്തു നിന്ന് തുടച്ചുമാറ്റപ്പെട്ടത്. പാമ്പന്‍-ധനുഷ്‌കോടി എക്‌സ്പ്രസ്സ് എന്‍ജിന്‍ ഒഴികെ എല്ലാം ഒരു തിരയില്‍ ലയിച്ചു. മരിച്ചവര്‍ എത്രയെന്ന് ഊഹത്തിനും അപ്പുറം. ഒരുപാട് പ്രതീക്ഷകള്‍, കണ്ണീര്‍തുള്ളികള്‍. ധനുഷ്‌കോടി ഇപ്പോള്‍ ഏതാനും ഇഷ്ടികക്കഷണങ്ങള്‍ മാത്രമാണ്.

ആ കാണുന്ന ദേശാടനപ്പക്ഷികള്‍ ആസ്‌ത്രേലിയയില്‍നിന്ന് വിരുന്നെത്തിയവരാണ്- ഡ്രൈവര്‍ ഒരു ഗൈഡിന്റെ ചുമതല സ്വയം എടുത്തണിഞ്ഞു. വാന്‍ ചെന്നുനിന്നത് റെയില്‍വേ സ്‌റ്റേഷനിലാണ്. സിമന്റ് കൊണ്ട് ഉണ്ടാക്കിയ രണ്ടുമൂന്ന് ഇരിപ്പിടങ്ങള്‍, പാതി പൊളിഞ്ഞ, ഉണങ്ങിയ അസ്ഥിപോലെ ഇഷ്ടികകാണുന്ന ചുവരുകള്‍. ഇത്രയൊക്കെയേ ഉള്ളൂ റെയില്‍വേസ്റ്റേഷന്‍.

കടലെടുത്തുപോയ ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും
അലിഞ്ഞമര്‍ന്ന മണ്ണില്‍ കാല്‍ തൊട്ടപ്പോള്‍ മനസ്സില്‍ നൊമ്പരങ്ങളുടെ ഇരമ്പം

കടലെടുത്തുപോയ ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അലിഞ്ഞമര്‍ന്ന മണ്ണില്‍ കാല്‍തൊട്ടപ്പോള്‍ മനസ്സില്‍ നൊമ്പരങ്ങളുടെ ഇരമ്പം. കുറച്ചു കൂടെ നടന്നാല്‍ അപ്പുറത്തും ചിലതുണ്ട്. പാതി പൊളിഞ്ഞ്, ഇനിയും മരിക്കാത്ത ഒരുപാട് കെട്ടിടങ്ങള്‍, പോസ്റ്റ് ഓഫിസ്, നേവി ഓഫിസ്. കൂട്ടത്തില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയും. പള്ളിക്കുള്ളില്‍ കടന്നപ്പോള്‍ നക്ഷത്രപ്രഭയില്‍ കരോള്‍ പാടുന്ന മാലാഖമാരും കുന്തിരിക്കം മണക്കുന്ന അള്‍ത്താരയും മനസ്സിലേക്കുവന്നു.

സന്ദര്‍ശകര്‍ക്ക് നാല്‍പ്പതു മിനിറ്റാണ് സന്ദര്‍ശനസമയം. റാഷീക്ക സമയം ഓര്‍മപ്പെടുത്തി. പള്ളിക്കടുത്തായി ഒരു ചെറിയ കിണര്‍ ഉണ്ട്. റിങ് ഇറക്കി നിര്‍മിച്ച് വളരെ വീതി കുറഞ്ഞ ഒരു കിണര്‍. കിണറില്‍നിന്ന് ഒരു സ്ത്രീ വെള്ളമെടുക്കുന്നു. മുഖം കഴുകിയാല്‍ ശരീരത്തിന്റെ വരള്‍ച്ചയ്ക്കു കുറവുണ്ടാകും. ഞാനും അന്‍സാറും നടന്നു.

ബക്കറ്റില്‍ വെള്ളം കോരി മുഖം നനച്ചപ്പോള്‍ മനസ്സും ശരീരവും തണുത്തു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കരകൗശലവസ്തുക്കള്‍ വിറ്റു ജീവിക്കുന്ന കുടുംബമാണ് ആ സ്ത്രീയുടേത്. മടിച്ചുമടിച്ചാണെങ്കിലും സ്ത്രീ സംസാരിക്കാന്‍ തയ്യാറായി. കുറച്ചകലെ കാണുന്നത് അവരുടെ കുടിലുകളാണ്.

അവിടെ ഇപ്പോള്‍ അറുപതോളം പേര്‍ മാത്രമേ താമസക്കാരായുള്ളൂ. കരകൗശല വസ്തുക്കള്‍ വിറ്റു കിട്ടുന്ന ചെറിയ പൈസകൊണ്ട് ജീവിതം തള്ളിനീക്കുന്ന പാവങ്ങള്‍. ഒരു കാലത്ത് ‘കുട്ടി സിംഗപ്പൂര്‍’ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു നഗരമാണ് ഞങ്ങളുടെ മുന്നില്‍ തകര്‍ന്നുകിടക്കുന്നത്.അന്ന് ആ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ആരെങ്കിലും ഇവിടെ ഉണ്ടോ?” ഞങ്ങള്‍ അന്വേഷിച്ചു.അവര്‍ നേരെ കുറച്ചപ്പുറത്തേക്ക് ഒരു വൃദ്ധനെ ചൂണ്ടിക്കാട്ടി.

 

 

.

dhanushkodi-3
.

”അവര്‍ നിങ്ങളോട് സംസാരിക്കുമോന്ന് അറിയില്ല,” സ്ത്രീ തന്റെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ട് വെള്ളവുമെടുത്ത് നീങ്ങി. ഞങ്ങള്‍ വൃദ്ധനു നേരെ നടന്നു. അയാളുടെ മുന്നില്‍ ഒരു തോര്‍ത്ത് വിരിച്ചിട്ടുണ്ട്. അതില്‍ ചിപ്പികളാല്‍ കോര്‍ത്തെടുത്ത മാലകളും പിന്നെ ശംഖുകളും. കൈയില്‍ നിറയെ പല വര്‍ണങ്ങളിലുള്ള ചരടുകള്‍. കഴുത്തില്‍ രുദ്രാക്ഷത്തിന്റെ പല വലുപ്പത്തിലുള്ള മാലകള്‍.

വണക്കം പറഞ്ഞ് ഞങ്ങള്‍ അടുത്തുകൂടി. അന്‍സാര്‍ ഒരു മാല വാങ്ങി. നിശ്ചിതവിലയൊന്നുമില്ല. എന്തെങ്കിലും കൊടുത്താല്‍ മതി. ഒരു മാല വാങ്ങി. 200 രൂപയും കൊടുത്തു.വൃദ്ധന് സന്തോഷമായി. അയാള്‍ മെല്ലെ ഒന്നു ചിരിച്ചു. പണത്തിന്റെ നിസ്സാരത മുന്നില്‍ കണ്ട ഒരാളുടെ ചിരിയായി ഞങ്ങള്‍ക്കു തോന്നി. പേര് മുരുകന്‍, വയസ്സ് 64. ദുരന്തം നടക്കുമ്പോള്‍ 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ധനുഷ്‌കോടി സമ്പന്നമായ ഒരു നഗരമാണ്.

ശ്രീലങ്കയിലേക്കുള്ള ജോലിക്കാരെയും ടൂറിസ്റ്റുകളെയും ഉദ്യോഗസ്ഥരെയും വഹിച്ച് ചെന്നൈയില്‍ നിന്ന് വരുന്ന ശ്രീലങ്കന്‍ മെയില്‍ (ഇന്തോ -സിലോണ്‍ ബോട്ട് മെയില്‍) ദാ ആ കാണുന്ന സ്റ്റേഷനിലാണ് വന്നു നിന്നിരുന്നത്. ഞങ്ങള്‍ വന്നിറങ്ങിയ സ്ഥലത്തേക്ക് അയാള്‍ വിരല്‍ ചൂണ്ടി. ഇവിടെ നിന്ന് 18 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ശ്രീലങ്കയിലെ തലൈമന്നാറിലേക്ക്.

ശ്രീലങ്കയിലേക്കു പോവുന്ന തൊഴിലാളികളും വിദേശികളും സഞ്ചാരികളും മല്‍സ്യ കയറ്റുമതിയും എല്ലാം കൊണ്ടും സമ്പന്നമായിരുന്നു അന്നത്തെ ധനുഷ്‌കോടി.1964 ഡിസംബര്‍ 22ന്റെ സന്ധ്യയില്‍ ധനുഷ്‌കോടിയുടെ തലവര മാറിമറഞ്ഞു. ന്യൂനമര്‍ദ്ദത്താല്‍ രൂപപ്പെട്ട ഒരു കാറ്റോടെയാണ് തുടക്കം.

അതില്‍ ഈ നഗരം ഏകദേശം പൂര്‍ണമായി കടലെടുത്തു. ധനുഷ്‌കോടിയുടെ വിധി പുറം ലോകമറിയാന്‍ പക്ഷേ, പിന്നെയും മൂന്നു ദിവസമെടുത്തു. അന്ന് തുരുത്തില്‍ നിന്നു പുറത്തുപോയവര്‍ മാത്രമാണ് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്, തിരിച്ചുവന്നപ്പോള്‍ കണ്ടത് കടലില്‍ ഒഴുകിനടക്കുന്ന പാമ്പന്‍-ധനുഷ്‌കോടി എക്‌സ്പ്രസ്സിന്റെ ബോഗികളും മേല്‍ക്കൂര പറന്നുപോയ പള്ളിയും നേവി ഓഫിസും റെയില്‍വേ സ്റ്റേഷനും മാത്രം.


ശ്രീലങ്കയിലേക്കു പോവുന്ന തൊഴിലാളികളും വിദേശികളും സഞ്ചാരികളും മല്‍സ്യ കയറ്റുമതിയും എല്ലാം കൊണ്ടും സമ്പന്നമായിരുന്നു അന്നത്തെ ധനുഷ്‌കോടി.


 

ഒരു പുനര്‍നിര്‍മാണത്തിനു പോലും സാധ്യതയില്ലാത്ത വിധം നഗരം തകര്‍ന്നുകഴിഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ പാമ്പന്‍ പാലം വരെ മാത്രമേ പുനര്‍നിര്‍മാണം നടത്താന്‍ തയ്യാറായുള്ളൂ. അതിനപ്പുറമുള്ളവര്‍ ഇന്നും ചിപ്പിമാലകള്‍ കോര്‍ത്ത് ഉപജീവനം കഴിക്കുന്നു.

പോകാന്‍ സമയമായെന്ന് റാഷീക്ക അറിയിച്ചു. എല്ലാവരും വാഹനത്തില്‍ കയറി. ആരും സംസാരിക്കുന്നില്ല. വല്ലാത്തൊരു നിശ്ശബ്ദത. വരുമ്പോള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന അവരും നിശ്ശബ്ദം. ഞാന്‍ കണ്ണുകളടച്ചു, ചെവികള്‍ കൂര്‍പ്പിച്ചു.

50 വര്‍ഷം മുമ്പ് ഒരു ഡിസംബറില്‍ ഈ സ്‌റ്റേഷനില്‍നിന്ന് മക്കളെ യാത്രയാക്കിയ ഒരുപറ്റം മനുഷ്യരുടെ തേങ്ങലുകള്‍ എന്റെ ചെവി തുളച്ചുകയറി. ഞാന്‍ പുറത്തേക്കു കണ്ണയച്ചു. ചാറ്റല്‍മഴയില്‍ വിന്റോഗ്ലാസ് മങ്ങിയിട്ടുണ്ട്. അകലെ ധനുഷ്‌കോടി മെല്ലെ മെല്ലെ അകലുകയാണ്.

 

 

 

 

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക