|    Jan 21 Sun, 2018 10:29 pm
FLASH NEWS

Published : 3rd January 2016 | Posted By: TK
 

gulam ali

 


ഗുലാം അലി മുമ്പ് ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ പലയിടത്തും
ഗസല്‍ സംഗീതനിശകള്‍ നടത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോള്‍ ശിവസേനയ്ക്ക് ഉണ്ടാവാന്‍ എന്താണ് കാരണം?


 

 

വിജി

പാകിസ്താനി ഗായകര്‍ക്ക് ഇന്ത്യയില്‍ എന്നും ഊഷ്മള സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. തിരിച്ചും അങ്ങനെതന്നെ. ഇന്ത്യന്‍ സംഗീതജ്ഞരും സിനിമകളും പാകിസ്താനില്‍ എന്നും വിലമതിക്കപ്പെട്ടു പോന്നിട്ടുണ്ട്. അവിടെ ജനാധിപത്യസംവിധാനം അട്ടിമറിക്കപ്പെടുമ്പോള്‍ മാത്രമാണ് സാംസ്‌കാരികാധിനിവേശത്തെയും പാക് ഗായകരെയും സിനിമയെയും സംരക്ഷിക്കേണ്ട ആവശ്യകതയുടെയും പേരില്‍ ഇവിടെ നിന്നുള്ള പാട്ടുകാര്‍ക്കും മറ്റും ഏതെങ്കിലും തരത്തിലുള്ള വിലക്ക് നേരിടേണ്ടിവന്നിട്ടുള്ളത്.

അതേസമയം, ഇന്ത്യയില്‍ സര്‍ക്കാര്‍തലത്തില്‍ അത്തരം ഒരു നീക്കവും ഇന്നേവരെ ഉണ്ടായിട്ടില്ല. നസ്‌റത്ത് ഫത്തേ അലി ഖാന്‍ മുതല്‍ മെഹദി ഹസ്സന്‍ വരെയുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ബീഗം ആബിദാ പര്‍വീണിനെയും ഇന്ത്യന്‍ സംഗീതാസ്വാദകര്‍ക്ക് വിസ്മരിക്കാനാവുകയില്ല.

ഇവരെല്ലാം ജീവിതത്തില്‍ നല്ലൊരുഭാഗം ഇന്ത്യയില്‍ കഴിച്ചുകൂട്ടുകയും ഇന്ത്യന്‍ സംഗീതലോകത്തെ പല മഹാരഥന്മാരേക്കാളും വളരെ വലിയൊരു ആസ്വാദകവൃന്ദം ഇവിടെ സൃഷ്ടിച്ചെടുക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാക് ഗവണ്‍മെന്റ് 2010ല്‍ സമഗ്രസംഭാവനയ്ക്ക് അവാര്‍ഡ് നല്‍കി ബഹുമാനിച്ച അദ്‌നാന്‍ സമി. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന മലയാള സിനിമയില്‍ പോലും പാടിയിട്ടുള്ള ഈ ഗായകന് നിസ്സാരകാരണത്താല്‍ വിസ നിഷേധിച്ച പാക് ഗവണ്‍മെന്റിന്റെ നിലപാടിനു വിരുദ്ധമായി അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനം.

ഫത്തേ അലിഖാനോടും മെഹ്ദി ഹസ്സനോടും ആബിദ പ്രവീണിനോടും സമിയോടും പ്രകടിപ്പിക്കാത്ത വിരോധം പ്രശസ്ത പാക് ഗസല്‍ ഗായകനായ ഗുലാം അലിയോടു ശിവസേന പോലുള്ള തീവ്രവാദ സംഘടനകള്‍ പ്രകടിപ്പിക്കാന്‍ എന്താണ് കാരണം? ഡിസംബറില്‍ മുംബൈയിലും ലഖ്‌നോവിലുമായി ഈ ഗസല്‍സമ്രാട്ടിന്റെ സംഗീതനിശ നടക്കേണ്ടതായിരുന്നു. എന്നാല്‍, അതിനെതിരേ ശിവസേനയും അതുപോലുള്ള തീവ്രസംഘടനകളും രംഗത്തുവന്നു. പരിപാടി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാന്‍ ഗായകനും സംഘാടകരും നിര്‍ബന്ധിതരായി.
ഗുലാം അലി മുമ്പ് ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ പലയിടത്തും ഗസല്‍ സംഗീതനിശകള്‍ നടത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോള്‍ ശിവസേനയ്ക്ക് ഉണ്ടാവാന്‍ എന്താണ് കാരണം? വെറുപ്പില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും രൂപംകൊണ്ട സംഘടനയാണ് ശിവസേന. മറാത്തി മഹത്ത്വം ഉദ്‌ഘോഷിച്ചുകൊണ്ട് അവര്‍ രാഷ്ട്രീയമായി കുറേ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, സ്ഥാപകനായ ബാല്‍ താക്കറെയുടെ മരണത്തിനു മുമ്പു തന്നെ പിന്തുടര്‍ച്ചാവകാശത്തെപ്പറ്റി മകനും(ഉദ്ധവ്) മരുമകനും(രാജ്) തമ്മിലുള്ള തര്‍ക്കം കാരണം സംഘടന രണ്ടായി പിളര്‍ന്നിരുന്നു. മകന്‍ ശിവസേനയുടെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ മരുമകന്‍ ‘നവ നിര്‍മാണ്‍ സേന’ എന്ന പുതിയൊരു സംഘടന ഉണ്ടാക്കി. ഇത് ശിവസേനയുടെ ശക്തിയിലുണ്ടാക്കിയ വിള്ളല്‍ നിസ്സാരമായിരുന്നില്ല.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അത് തെളിയിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ വ്യവസായ സംസ്ഥാന’ത്തിന്റെ ഭരണം ശിവസേനയുടെയും കോണ്‍ഗ്രസ്സിന്റെയുമല്ല, അതുവരെ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിയുടെ കൈയിലായി. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെ. ഗുലാം അലിക്കെതിരായ നീക്കം അതിന്റെ ഒരു ഭാഗം മാത്രം.
പഞ്ചാബിലെ സിയാല്‍കോട്ട് ജില്ലയിലുള്ള കലാകേയ് ഗ്രാമത്തില്‍ (വിഭജനാനന്തരം ഈ ഗ്രാമം പാകിസ്താനിലായി) ഒരു സംഗീതകുടുംബത്തിലാണ് ഗുലാം അലി ജനിച്ചത്-സാരംഗി വാദകനായിരുന്ന പിതാവാണ് പുത്രനെ സംഗീതലോകത്തേക്കു നയിച്ചത് – പട്യാല ഘരാനയിലെ പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞനായ ബഡേ ഗുലാം അലിഖാനില്‍നിന്നു ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത് 15-ാമത്തെ വയസ്സു മുതല്‍. ആ സംഗീതജ്ഞനോടുള്ള ബുഹമാനാര്‍ഥമാണ് പുത്രന് ആ പേരു തന്നെ നല്‍കിയത്. ലാഹോറിലാണ് കുടുംബം താമസിച്ചിരുന്നത്.
1960 മുതല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഗുലാം അലിയുടെ ഗസലുകളിലുള്ള പ്രാവീണ്യം അദ്ദേഹത്തെ അതിവേഗം ജനപ്രിയ സംഗീതജ്ഞനാക്കി. ലാഹോര്‍ റേഡിയോ സ്‌റ്റേഷനിലെ സ്ഥിരം ഗായകനായതോടെ പ്രശസ്തി നാടൊട്ടുക്കും പരന്നു. ഹൃദയദ്രവീകരണശക്തിയുള്ള ഗസലുകള്‍ അനായാസം, നിസര്‍ഗളം ആ കണ്ഠത്തില്‍ നിന്നു പ്രവഹിച്ചു. പഞ്ചാബിഗാനങ്ങളും അതിമനോഹരമായി ആലപിക്കാന്‍ സിദ്ധിയുള്ള ഗുലാംഅലി ഇന്ത്യയിലെ സംഗീതാസ്വാദകര്‍ക്ക് പ്രിയങ്കരനാവാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. ഉര്‍ദു, ഹിന്ദി, നീപ്പാളി എന്നീ ഭാഷകളിലും പ്രാവീണ്യമുള്ള അദ്ദേഹം ഈ ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദിയില്‍ 1982ല്‍ ബി ആര്‍ ചോപ്രയുടെ നിക്കാഹ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ഗുലാം അലിക്കുള്ളത്. താജ്മഹലിനു മുന്നിലിരുന്നു പാടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി അദ്ദേഹം കാണുന്നു. 2012ല്‍ ബംഗളൂരുവിലായിരുന്നു ഇന്ത്യയിലെ അദ്ദേഹത്തിന്റെ അവസാനത്തെ ഗസല്‍ നിശ. 2013 ഫെബ്രുവരിയിലും അദ്ദേഹം ഇന്ത്യയില്‍ വന്നു- ബഡേ ഗുലാം അലി ഖാന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തന്റെ ഗുരുഭൂതന്മാരിലൊരാളുടെ നാമധേയത്തിലുള്ള ഈ അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്തതില്‍ ഇന്ത്യ ഗവണ്‍മെന്റിനോടു നന്ദി പ്രകാശിപ്പിച്ചാണ് ഗുലാം അലി അന്ന് തന്റെ പ്രതിസ്പന്ദനം അവസാനിപ്പിച്ചത്.
പാരമ്പര്യ ഗസലുകള്‍, അമീര്‍ ഖുസ്രു, മീര്‍ തക്വി മിര്‍, മിര്‍സാ ഗാലിബ് എന്നിവരുടെ രചനകള്‍ തുടങ്ങിയവ കൂടാതെ, ബഷീര്‍ ബദ്രി, നാസര്‍ കസ്മി, റീസ് വാഴ്‌സി, മുനിര്‍ നിയാസി, ഹസ്രത് മുഈനി, ബഹദുര്‍ഷാ സഫര്‍, മസൂര്‍ അന്‍വര്‍, നീപ്പാളിലെ മഹേന്ദ്ര രാജാവ് അക്ബര്‍ ഇലഹബാദി, മൊഹ്‌സിന്‍ നഖ്‌വി, റഷീദ് കമല്‍ തുടങ്ങി നിരവധി സമകാലികരുടെ സൃഷ്ടികളെ തന്റെ സ്വരമാധുര്യം കൊണ്ട് അനശ്വരമാക്കിയിട്ടുണ്ട് ഗുലാം അലി. ആശാ ഭോസ്‌ലെ, മെഹ്ദി ഹസ്സന്‍ എന്നിവരോടൊപ്പമുള്ളതടക്കം അറുപതുകളിലധികം ഡിസ്‌കുകളും അദ്ദേഹത്തിന്റേതായുണ്ട്.
ശിവസേനയുടെ മര്‍ക്കടമുഷ്ടി കാരണം ഡല്‍ഹിക്കും ലഖ്‌നോയ്ക്കും നിഷേധിക്കപ്പെട്ട ഗുലാം അലിയുടെ സംഗീത വിരുന്ന് കേരളത്തിനു വീണുകിട്ടിയിരിക്കുകയാണ്. ‘സ്വരലയ’യുടെ ആഭിമുഖ്യത്തില്‍ ഈ ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു ഗസലും അദ്ദേഹം ഇവിടെ ആലപിക്കുമെന്നു സൂചനയുണ്ട്. അദ്ദേഹത്തിന്റെ ഗസലുകള്‍ നറും നിലാവിനെ വര്‍ണാഭമാക്കിക്കൊണ്ട് നിശാസൗന്ദര്യത്തിനു മാറ്റു കൂട്ടും.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day