35000 വിദ്യാര്‍ഥികളെ കബളിപ്പിച്ച് കര്‍ണാടക ഓപണ്‍ യൂനിവേഴ്‌സിറ്റി

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: 2012ല്‍ ചട്ടലംഘനങ്ങളെ തുടര്‍ന്ന് യുജിസി അംഗീകാരം റദ്ദാക്കിയ മൈസൂര്‍ ആസ്ഥാനമായുള്ള കര്‍ണാടക ഓപണ്‍ യൂനിവേഴ്‌സിറ്റി ഇക്കാര്യം മറച്ചുവച്ച് ഇപ്പോഴും കനത്ത ഫീസ് വാങ്ങി വിദ്യാര്‍ഥികളെ ചേര്‍ക്കുന്നു. സംസ്ഥാനത്തെ 35000 വിദ്യാര്‍ഥികളാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവരുടെ തട്ടിപ്പിനിരയായത്. നൂറ് സെന്ററുകളിലായി നടത്തിവരുന്ന കോഴ്‌സുകളിലൂടെയാണ് തട്ടിപ്പ്. പട്ടണങ്ങളിലെ പ്രധാന കോളജുകളെ കൂട്ടുപിടിച്ച് സബ്‌സെന്ററുകള്‍ നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്.
1996ലാണ് കര്‍ണാടക ഓപണ്‍ യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. യുജിസി ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഇവര്‍ക്ക് 2011ല്‍ താക്കീത് ലഭിച്ചിരുന്നു. ഇതിന് ശേഷവും നിയമലംഘനം തുടര്‍ന്നതിനാല്‍ അഫിലിയേഷന്‍ പുതുക്കി നല്‍കിയില്ല. എന്നിട്ടും ഇവര്‍ വിദ്യാര്‍ഥിപ്രവേശനവും പരീക്ഷയുമെല്ലാം അംഗീകാരമുണ്ടെന്ന രൂപത്തില്‍ നടത്തിവരികയാണ്. 203 അക്കാദമിക് കൊളാബറേറ്റേഴ്‌സ് വഴി 4440 സെന്ററുകള്‍ സര്‍വകലാശാല ഇപ്പോഴും ഇന്ത്യയിലാകമാനം നടത്തിവരുന്നുണ്ട്. ഒമ്പത് ലക്ഷം വിദ്യാര്‍ഥികള്‍ ഇവരുടെ ചതിയില്‍ പെട്ടതറിയാതെ ഇപ്പോഴും പഠനം നടത്തുന്നുവെന്നാണ് ഏകദേശ കണക്ക്.
ബിഎസ്‌സി ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് ഉള്‍പ്പെടെ ആകര്‍ഷകമായ കോഴ്‌സുകളാണ് ഇവര്‍ നടത്തിവരുന്നത്. ഈ കോഴ്‌സില്‍ ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്. രണ്ട് ലക്ഷം രൂപ വാങ്ങിയാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സുകള്‍ നടത്തുന്നത്. പ്രമുഖ കോളജുകളുമായി ഒത്തുചേര്‍ന്ന് അവരുടെ കോഴ്‌സെന്ന രൂപത്തില്‍ സോഷ്യല്‍ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നല്‍കിയാണ് വിദ്യാര്‍ഥികളെ കെണിയില്‍ പെടുത്തുന്നത്. ഇത് തിരിച്ചറിഞ്ഞ സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കേരളാ സ്റ്റേറ്റ് പേരന്റ്‌സ് അസോസിയേഷന്‍(കെഎസ്ഒയു) എന്ന പേരില്‍ സംഘടനയുണ്ടാക്കി നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.
തൃശൂര്‍ ജില്ലയില്‍ തന്നെ ധാരാളം വിദ്യാര്‍ഥികള്‍ വ്യാജ കോഴ്‌സിലൂടെ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രമുഖ സ്വകാര്യ കോളജുകളുടെ തിരിച്ചറിയില്‍ കാര്‍ഡും യൂനിഫോമും മറ്റ് യാത്രാ സൗകര്യങ്ങളും ഹോസ്റ്റലും ഔദ്യോഗിക രേഖകളും എല്ലാം ഉപയോഗിച്ചാണ് സബ്‌സെന്ററുകള്‍ തട്ടിപ്പ് തുടരുന്നത്. അംഗീകാരം റദ്ദാക്കിയ യൂനിവേഴ്‌സിറ്റിയുടെ പേരില്‍ ഇപ്പോഴും സംസ്ഥാനത്ത് ഈ സ്ഥാപനങ്ങള്‍ പതിനെട്ടോളം കോഴ്‌സുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു. ഈ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബാങ്കില്‍ രേഖകള്‍ നല്‍കി വിദ്യാഭ്യാസ വായ്പപോലും തരപ്പെടുത്തി നല്‍കിയിട്ടുണ്ട്. തൃശൂരിലെ അഞ്ചോളം സ്ഥാപനങ്ങളില്‍ ഇപ്പോഴും വ്യാജ കോഴ്‌സുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കര്‍ണാടക ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ പേരില്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ചവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഒയു സംസ്ഥാന പ്രസിഡന്റ് കെ ബി തോമസ് തൃശൂരിലെ ബിഎസ്‌സി ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥികളായ പി എസ് നിഹില, ബിനു വര്‍ഗീസ്, കെ എ ഹാരിസ്, സി ആര്‍ അമൃത എന്നിവര്‍ പറഞ്ഞു. മുഖ്യമന്ത്രി, ഡിജിപി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it