3500 കോടിയുടെ കേന്ദ്രപാക്കേജ് പ്രഖ്യാപിക്കണമെന്ന് ലത്തീന്‍സഭ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരമേഖലയുടെ സമഗ്രവികസനത്തിനായി 3500 കോടി രൂപയുടെ കേന്ദ്രപാക്കേജ് പ്രഖ്യാപിക്കണമെന്ന് ലത്തീന്‍ സഭ. ഓഖി ദുരന്തത്തില്‍ കണ്ടെത്താനുള്ളവരെ കുറിച്ചും മരിച്ചവരെ കുറിച്ചും ദുരിതാശ്വാസം സംബന്ധിച്ചും ധവളപത്രം പുറപ്പെടുവിക്കണമെന്നും ലത്തീന്‍ രൂപതകളുടെ ഏകോപന സമിതിയുടെ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാനുള്ള നിവേദനവും യോഗം തയ്യാറാക്കി.  തീരത്തിന്റെ സംരക്ഷണം, മല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം, മല്‍സ്യബന്ധനത്തിന് ശാസ്ത്രീയ സാഹചര്യമൊരുക്കല്‍, വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ ലഭ്യത, ഭവനനിര്‍മാണം എന്നിവ കേന്ദ്ര പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുമെന്ന് ലത്തീന്‍രൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസെപാക്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാവികസേനയിലും കോസ്റ്റ്ഗാര്‍ഡിലും മറൈന്‍ പോലിസിലും മല്‍സ്യത്തൊഴിലാളികള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം നല്‍കണം. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ ഇന്നുള്ള ദുരന്ത നിവാരണ സംവിധാനം കേരളത്തിലും ഉറപ്പാക്കണം. തീരദേശത്തിന്റെ വികസനത്തിനും മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ദുരിതങ്ങള്‍ വിതച്ച തിരുവനന്തപുരം ജില്ലക്കൊപ്പം, ഒമ്പത് തീരദേശ ജില്ലകളിലും മല്‍സ്യത്തൊഴിലാളി സമൂഹം നേരിട്ട വിഷമതകള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മല്‍സ്യബന്ധന തുറമുഖങ്ങളും തീരവും ആധുനികവല്‍ക്കരിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കണക്കുകളില്‍ ഓഖി കണക്കുകളെക്കുറിച്ച് അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളി സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്കായി സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും യോഗം തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, എല്‍സിവൈഎം പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it