350 വനിതാ പോലിസ് കോണ്‍സ്റ്റബിള്‍  തസ്തികകള്‍ കൂടി: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പോലിസ് സേനയില്‍ പുതുതായി 350 വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. പോലിസ് സേനയില്‍ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണു സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായാണു പുതുതായി തസ്തികകള്‍ അനുവദിക്കുന്നത്. നിലവില്‍ 5.7 ശതമാനമാണു സേനയിലെ വനിതാ പ്രാതിനിധ്യം. 350 തസ്തികകള്‍കൂടി അനുവദിക്കുന്നതോടെ സേനയിലെ വനിതാ പ്രാതിനിധ്യം ഒരുശതമാനം അധികമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, പോലിസിലെ വനിതാ പ്രാതിനിധ്യം 33 ശതമാനമാക്കണമെന്ന കേന്ദ്രനിര്‍ദേശം എന്നു നടപ്പാക്കുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ലോക്‌സഭാ സ്ത്രീശാക്തീകരണ കമ്മിറ്റിയുടെ 21ാം റിപോര്‍ട്ടിലാണ് പോലിസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 33 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയുള്ളത്. സ്ത്രീ സംബന്ധമായ പല കേസുകളിലും മറ്റു വിഷയങ്ങളിലും വനിതാ പോലിസിന്റെ അഭാവം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ആവശ്യത്തിനു വനിതാ പോലിസുകാരെ ലഭിക്കാത്ത സാഹചര്യത്തില്‍ പുരുഷ പോലിസ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതു വലിയ വിവാദങ്ങള്‍ക്കും കാരണമാവാറുണ്ട്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി സ്റ്റേഷനിലെത്തി പരാതിപറയുന്നതിനും നിലവില്‍ പരിമിതികളുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സംസ്ഥാനങ്ങള്‍ക്കു നല്‍കിയത്.
സേനയില്‍ സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്ന നിര്‍ദേശവും പൂര്‍ണമായി പാലിച്ചിട്ടില്ല. എന്‍സിസി 'സി' സര്‍ട്ടിഫിക്കറ്റുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്കു സേനയിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുക, 12ാം പഞ്ചവല്‍സര പദ്ധതിയുടെ അവസാനത്തോടുകൂടി പോലിസ് സേനയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണാര്‍ഥം ഡേകെയര്‍/ക്രെഷ് സംവിധാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നടപ്പായിട്ടില്ല. സ്ത്രീകള്‍ക്കു മാത്രമുള്ള പോലിസ് സ്‌റ്റേഷനുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
അതേസമയം, നിലവില്‍ 350 അധികതസ്തിക അനുവദിക്കപ്പെട്ടതോടെ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പുതന്നെ പട്ടികയില്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം ലഭിക്കും.
Next Story

RELATED STORIES

Share it