|    Aug 14 Tue, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

35 എ: ബന്ദ് സമാധാനപരം

Published : 6th August 2018 | Posted By: kasim kzm

ശ്രീനഗര്‍: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 35 എ എടുത്തുകളയാനുള്ള നീക്കത്തിനെതിരേ ജോയിന്റ് റസിസ്റ്റന്‍സ് ലീഡര്‍ഷിപ്പ് ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. കശ്മീരിനെ കൂടാതെ ജമ്മു മേഖലയിലെ ചെനാബ് താഴ്‌വരയിലും ബന്ദ് പൂര്‍ണമായിരുന്നു. കടകളെല്ലാം അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും ഓടിയില്ല. ട്രെയിന്‍ ഗതാഗതമുണ്ടായില്ല. നാളെയും ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. അമര്‍നാഥ്‌യാത്രയും നിര്‍ത്തിവച്ചു. ബന്ദും സംഘര്‍ഷങ്ങളും ബാധിക്കാറില്ലാത്ത ബുല്‍വാഡില്‍ പോലും കടകളൊന്നും തുറന്നില്ല. താഴ്‌വരയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. റാംബാനിലെ ഗൂല്‍ മേഖലയിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ പ്രശസ്തമായ ക്ലോക്ക് ടവറിന് മുന്നില്‍ വ്യാപാര സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. പ്രതിഷേധം ശാന്തമായിരുന്നു. ഇന്നലെയും ഇന്നുമായി രണ്ടു ദിവസമാണു ബന്ദ്.
പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും സമരത്തോട് അനുഭാവമുള്ള നിലപാടാണ് പോലിസ് സ്വീകരിച്ചത്. വ്യാപാരികള്‍ക്കു പുറമെ കശ്മീരിലെ വിവിധ സംഘടനകളും നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും റാലികള്‍ നടത്തി. ബാര്‍ അസോസിയേഷനും ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, 35എ വകുപ്പ് ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമോ എന്ന കാര്യമാവും ഇന്നു പരിഗണിക്കുക. 1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്താണ് അന്ന് രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ച് കൊണ്ടുള്ള 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. 370, 35 എ എന്നീ വകുപ്പുകള്‍ ചോദ്യംചെയ്ത് വി ദ സിറ്റിസണ്‍ എന്ന സന്നദ്ധ സംഘടനയാണു സുപ്രിംകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജിയില്‍ ഇന്ന് അന്തിമവാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഹരജി കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടണോ, വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss