35 വര്‍ഷത്തിനുശേഷം മലബാറില്‍നിന്നൊരു സ്പീക്കര്‍

തിരുവനന്തപുരം: യുവജനസമരങ്ങളുടെ മുന്നണി നായകനായിരുന്ന പി ശ്രീരാമകൃഷ്ണന്‍ ഇനി 14ാം നിയമസഭയുടെ നാഥന്‍. 35 വര്‍ഷത്തിനുശേഷമാണ് മലബാറില്‍നിന്നൊരാള്‍ നിയമസഭാ സ്പീക്കറാവുന്നത്. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ മുന്നണിപ്പോരാളിയും സെക്രട്ടേറിയറ്റിനു മുന്നിലും നിയമസഭയ്ക്കു മുന്നിലും ഒരുപാട് സമരങ്ങള്‍ നയിച്ച നേതാവുമാണ് 48കാരനായ പി ശ്രീരാമകൃഷ്ണന്‍. സഭയ്ക്ക് പുറത്തു മാത്രമല്ല, സഭയ്ക്കകത്തും ശ്രീരാമകൃഷ്ണന്റെ പോരാട്ടവീര്യത്തിന് കുറവുണ്ടായിരുന്നില്ല. മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ സമരത്തിലും ശ്രീരാമകൃഷ്ണന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. അന്ന് എല്‍ഡിഎഫ് തകര്‍ത്ത സ്പീക്കറുടെ കസേരയിലിരുന്ന് എല്ലാം നിയന്ത്രിക്കുന്ന സഭയുടെ നാഥനാവുക എന്നതാണ് ശ്രീരാമകൃഷ്ണന്റെ നിയോഗം.
ലീഗ് കോട്ടയായിരുന്ന മലപ്പുറത്തെ പൊന്നാനിയെ തുട ര്‍ച്ചയായി രണ്ടാംതവണയും ചുവപ്പിച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശ്രീരാമകൃഷ്ണന്‍ നിയമസഭയിലെത്തിയത്. മികച്ച പ്രതിച്ഛായക്കൊപ്പം മണ്ഡലത്തിലെ സജീവ ഇടപെടലുക ള്‍ക്കും ജനങ്ങള്‍ ഇത്തവണ ന ല്‍കിയത് ഇരട്ടി ഭൂരിപക്ഷമാണ്. 2011ല്‍ പൊന്നാനിയില്‍നിന്നുതന്നെയാണ് ആദ്യം നിയമസഭയിലെത്തുന്നത്. എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പട്ടിക്കാട് സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്ന് ബിരുദം. ബിഎഡിനുശേഷം മേലാറ്റൂര്‍ ആ ര്‍എം ഹൈസ്‌കൂളില്‍ അധ്യാപകനായി. പാര്‍ട്ടി നിര്‍ദേശപ്രകാരം അവധിയെടുത്ത് ഒന്നരപ്പതിറ്റാണ്ടായി മുഴുവന്‍സമയ പ്രവര്‍ത്തകനായി.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ പുറയത്ത് ഗോപിയുടെയും റിട്ട. അധ്യാപിക സീതാലക്ഷ്മിയുടെയും മകനാണ്. ചെറുപ്രായത്തിലേ നേതൃപാടവം തെളിയിച്ച ശ്രീരാമകൃഷ്ണനെ തേടി 12ാം വയസ്സില്‍ ദേശാഭിമാനി ബാലസംഘം സെക്രട്ടറിപദമെത്തി. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി, പാലക്കാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റ് അംഗം, ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്നിങ്ങനെ ശ്രീരാമകൃഷ്ണനെ തേടിയെത്തിയ പദവികള്‍ നിരവധിയാണ്. നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമാണ്.
2004ല്‍ നടന്ന സ്വാശ്രയ കോളജ് സമരത്തില്‍ ലാത്തിച്ചാര്‍ജിന് ഇരയായി 16 ദിവസം ജയില്‍വാസമനുഭവിച്ചു. വെട്ടത്തൂര്‍ എയുപിഎസ് അധ്യാപിക ദിവ്യയാണ് ഭാര്യ. നിരഞ്ജന, പ്രിയരഞ്ജന്‍ എന്നിവര്‍ മക്കള്‍.
Next Story

RELATED STORIES

Share it