kozhikode local

35 വര്‍ഷത്തെ തെരുവ് ജീവിതം ഓര്‍മ; സുബൈദ ഇനി സാന്ത്വനത്തിന്റെ തണലില്‍

മുക്കം: 35 വര്‍ഷത്തോളമായി മുക്കം അങ്ങാടിയില്‍ തെരുവില്‍ കഴിഞ്ഞ സുബൈദ വാര്‍ധക്യം ചാത്തമംഗലത്തെ സാന്ത്വനത്തില്‍ കഴിച്ചുകൂട്ടും. കൊണ്ടോട്ടിക്കടുത്ത് എടവണ്ണപ്പാറ മുണ്ടംകുളം സ്വദേശിയായ സുബൈദ 18ാമത്തെ വയസ്സില്‍ വീടുപേക്ഷിച്ച് മുക്കത്തെത്തിയതാണ്. വീട്ടുകാരുമായി ചെറിയ വഴക്കിട്ട് വീട് വിടുകയായിരുന്നു.
15ാമത്തെ വയസ്സില്‍ വിവാഹിതയായ സുബൈദക്ക് ആ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തോടെ ഭര്‍ത്താവ് സുബൈദയെ തിരിഞ്ഞു നോക്കാതെയായി. അതോടെ സ്വന്തം വീട്ടിലെത്തിയെങ്കിലും അവിടെയും അവഗണനയായിരുന്നു എന്ന് സുബൈദ പറയുന്നു. പിന്നീട് വീടുവിട്ടിറങ്ങിയ സുബൈദ നേരെ എത്തിയത് മുക്കത്താണ്. തെരുവില്‍ സ്ഥിരതാമസമാക്കിയ സുബൈദ വിശന്നു വലഞ്ഞപ്പോള്‍ പലപ്പോഴും ഭക്ഷണം നല്‍കിയത് മുക്കത്ത് വര്‍ഷങ്ങളായി ഇസ്തിരി ജോലിനോക്കുന്ന സില്‍വിയും ഭര്‍ത്താവ് പീറ്ററുമാണ്. തെരുവ് ജീവിതവും സുബൈദയ്ക്ക് നല്‍കിയത് നല്ല ഓര്‍മകളല്ല. ഇതിനിടയിലും ഒരു കുഞ്ഞുണ്ടായി. അവന്‍ ഇപ്പോള്‍ ഹോട്ടല്‍ മാനേജ്‌മെന്റിനു പഠിക്കുകയാണ്.
മാസത്തിലൊരിക്കല്‍ മകന്‍ തന്നെ കാണാന്‍ വരാറുണ്ടന്ന് സുബൈദ പറഞ്ഞു. മകന് ജോലി ലഭിച്ച് ഒരു വാടകവീടെടുത്ത് അവിടേക്ക് മാറണം- സുബൈദ പറഞ്ഞു. 50 പിന്നിട്ട സുബൈദയെ വാര്‍ധക്യസഹജമായ രോഗങ്ങള്‍ പിടികൂടിയപ്പോഴാണ് ചാത്തമംഗലത്തെ മനുഷ്യ സ്‌നേഹിയായ സ്വാന്തനം സുധീര്‍ ഏറ്റെടുത്തത്. മുക്കത്തെ ജീവകാരുണ്യ രംഗത്തെ സാന്നിധ്യമായ ബി പി മൊയ്തീന്‍ സേവാമന്ദിര്‍ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുധീര്‍ സുബൈദയെ ഏറ്റെടുത്തത്. 14 വര്‍ഷമായി ചാത്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സുധീറിന്റെ സ്വാന്തനത്തില്‍ ഇന്ന് 15 അന്തേവാസികളാണുള്ളത്. പലരും രോഗം മാറിയിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീട്ടുകാര്‍ തിരിച്ചു കൊണ്ടുപോവാത്തവരും തെരുവില്‍ അലഞ്ഞ് തിരിഞ്ഞവരുമാണ്.
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലഞ്ഞ നാളുകളൊക്കെ ഒരു ദുസ്വപ്‌നം പോലെ മറന്നാണ് സുബൈദ സ്വാന്തനത്തിന്റെ പടികയറിയത്. ജീവിതകാലം മുഴുവന്‍ അവിടെ കഴിച്ചുകൂട്ടാനല്ല, മകനോടൊപ്പം എന്നെങ്കിലും സ്വന്തമായ ഒരു വീട്ടില്‍ താമസിക്കണമെന്ന മോഹത്തോടെയാണ് സുബൈദ പുതിയ കൂട്ടിലേക്ക് ചേക്കേറുന്നത്.
Next Story

RELATED STORIES

Share it