ഭൂമിയുടെ അവകാശികള്‍

സി.എ. സജീവന്‍

അധികാരികള്‍ സ്വന്തം മണ്ണില്‍നിന്ന് കള്ളക്കേസില്‍ കുടുക്കി നിഷ്‌കാസനം ചെയ്ത ഇടുക്കി മുള്ളരിങ്ങാട് വെള്ളക്കയം ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ രാമകൃഷ്ണന്‍ എന്ന അമ്പത്തേഴുകാരന്റെ അനുഭവങ്ങളിലൂടെ

എല്ലാ ദിവസവും രാമകൃഷ്ണന്‍ തന്റെ പറമ്പിലെത്തും. അവിടത്തെ മാവും പ്ലാവുമൊക്കെ കണ്ണുനിറയെ കാണും. ഇടയ്ക്കു കൊതി തോന്നുമ്പോള്‍ അവയെ ഒന്നു തലോടും. ഒന്നു ലാളിക്കും. ഇലകളില്‍ പഴുപ്പുകേറിയോ എന്നു നോക്കും. വള്ളികള്‍ വളര്‍ന്നു മരത്തെ ഞെരുക്കുന്നുണ്ടോ എന്നു പരിശോധിക്കും. കഴിയാവുന്നവ കൈകൊണ്ടു തന്നെ നീക്കം ചെയ്യും. കുറേ നേരം നിന്ന ശേഷം പതുക്കെ മടങ്ങും. തിരിഞ്ഞുനടക്കുമ്പോള്‍ മരച്ചില്ലകള്‍ ഇളം കൈകളാട്ടി യാത്രപറയുകായണെന്ന് അയാള്‍ വെറുതെ വിചാരിക്കും. ഇനിയും ഒരിക്കല്‍ കൂടെ വരാന്‍ അയാളുടെ ഹൃദയം അപ്പോള്‍ തുടിക്കും. സ്വന്തം മണ്ണിനെ വല്ലാതെ സ്‌നേഹിച്ചതിന്റെ പേരില്‍ വനപാലകര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ദുരനുഭവമാണ് ഇടുക്കി മുള്ളരിങ്ങാട് വെള്ളക്കയം ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ രാമകൃഷ്ണനു പറയാനുള്ളത്. ഹൈക്കോടതിയും സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷനും ഇടപെട്ട് നീതി ലഭ്യമാക്കാന്‍ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാതെ അവര്‍ നിയമത്തെ വെല്ലുവിളിക്കുന്നു. കോടതിയുടെ വിധിയുണ്ടെങ്കിലും ഇന്നും സ്വന്തം ഭൂമിയില്‍ കയറാന്‍ പേടിയാണ്. വനപാലകര്‍ തന്നെ ജയിലിലാക്കുമോ എന്നാണ് ഈ 57കാരന്റെ പേടി. ഒരു കൊടുംകുറ്റവാളി ജനിക്കുന്നുരാമകൃഷ്ണനെ 'കൊടുംകുറ്റവാളി'യാക്കിയ കഥ ഇങ്ങനെയാണ്: വെള്ളക്കയത്ത് മൂന്നേക്കര്‍ ഭൂമിയുണ്ടായിരുന്നു രാമകൃഷ്ണന്. 1970 മുതല്‍ ഭാര്യ രമണിയോടൊപ്പം ഈ പറമ്പില്‍ കൃഷിയിറക്കി. ഇവിടെത്തന്നെയായിരുന്നു താമസം. രാമകൃഷ്ണന്റെ മകന്‍ സലിംകുമാര്‍ കൃഷിപ്പണിയില്‍ അച്ഛനെ സഹായിക്കുന്നു. ഏക മകള്‍ സുചിത്ര ഭര്‍ത്താവിനൊപ്പം മുള്ളരിങ്ങാടാണ്. ഭാര്യയുടെ കുഞ്ഞമ്മയാണ് ഈ ഭൂമി രാമകൃഷ്ണനു വിട്ടുനല്‍കിയത്. രാമകൃഷ്ണന്‍ ഈ ഭൂമിയെ ഏതൊരു കര്‍ഷകനെയും പോലെ സ്വന്തം ജീവനെപ്പോലെ സ്‌നേഹിച്ചു. അവിടെ കിളച്ചും നനച്ചും മതിതീരുവോളം ചുറ്റിനടന്നും നേരം പോക്കി. കപ്പയും വാഴയും ചേനയും ചേമ്പും കശുമാവും കാപ്പിയും കവുങ്ങുമെല്ലാം ആ അധ്വാനത്തിന്റെ സാക്ഷികളായി. പതുക്കെപ്പതുക്കെ ആഞ്ഞിലിയും പ്ലാവും മാവുമൊക്കെ പുതിയ അതിഥികളായെത്തി. ഇതിനിടെ ഒരു നാള്‍ രാവിലെ, 1989ലെ ആ ദിവസം രാമകൃഷ്ണന്‍ നല്ലപോലെ ഓര്‍ക്കുന്നു, കോടനാട് നിന്നുള്ള വനപാലകസംഘം വനാതിര്‍ത്തി തിരിച്ചു ജണ്ടഇടാനെത്തി. രാമകൃഷ്ണന്റെ ഭൂമി വനഭൂമിയാണെന്നാണ് അവരുടെ വാദം. അവര്‍ ആ ഭൂമിയില്‍ നിയമത്തിന്റെ കരിങ്കല്‍ത്തൂണു നാട്ടി. രാമകൃഷ്ണന്‍ നിരവധി വാദങ്ങള്‍ ഉന്നയിച്ചു. കരഞ്ഞും പതംപറഞ്ഞും വിശദീകരിക്കാന്‍ ശ്രമിച്ചു. ഒന്നും നടക്കാതായപ്പോള്‍ എതിര്‍ത്തു. പാവം ആദിവാസിയല്ലേ, അയാള്‍ക്കു വേണ്ടി സംസാരിക്കാനും വാദിക്കാനും ആരുവരാനാണ്? മക്കളെപ്പോലെ സ്‌നേഹിച്ചുവളര്‍ത്തിയ കാപ്പിയും കമുകും 'വനപാലകര്‍' ഒന്നൊന്നായി പിഴുതെറിഞ്ഞു. രാമകൃഷ്ണന്റെ വീടും അവര്‍ വെറുതെ വിട്ടില്ല. ഇല്ലിയും മുളയും കൊണ്ടുണ്ടാക്കിയ കുടില്‍ കത്തിപ്പിടിക്കാന്‍ വലിയ വിഷമമുണ്ടായില്ല. നിയമപരമായ നല്‍കേണ്ട നോട്ടീസുപോലും നല്‍കാതെയായിരുന്നു ഇതൊക്കെ നടന്നത്. ദുരിതക്കയത്തില്‍ 25 കുടുംബങ്ങള്‍ഇത് രാമകൃഷ്ണന്റെ മാത്രം അനുഭവമല്ല. ഇത്തരത്തില്‍ 25 ഓളം കുടുംബങ്ങള്‍ക്ക് ഇതുപോലെത്തന്നെ ഇവിടെ ഭൂമി നഷ്ടമായിട്ടുണ്ട്. കയറിക്കിടക്കാന്‍ ഇടമില്ലാതെ ഓരോരുത്തരായി തങ്ങളുടെ വിധിയെ പഴിച്ച് വാടകക്കെട്ടിടത്തിലേക്ക് ചേക്കേറി. ഭൂമി പോയതോടെ രാമകൃഷ്ണനും മറ്റുള്ളവരെപ്പോലെ സ്ഥലം മാറിപ്പോയി. വെള്ളക്കയം മലയുടെ നെറുകെയിലെ തറവാട്ടു വീട്ടിലേക്കാണ് രാമകൃഷ്ണന്‍ താമസം മാറ്റിയത്. സ്ഥലം നഷ്ടപ്പെട്ട പലര്‍ക്കും പരാതി പറയാന്‍ പോലും പേടിയായിരുന്നു. കോടതിയില്‍ പോവാനൊ കൈയൂക്ക് കാട്ടാനൊ ആദ്യമൊന്നും രാമകൃഷ്ണനും മെനക്കെട്ടില്ല. റേഷനരി വാങ്ങാനുള്ള ശേഷി പോലുമില്ലാത്ത ഒരു കുടുംബത്തിന് അതൊന്നും ആലോചിക്കാനാവില്ലല്ലോ, ഭീഷണി നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ പ്രത്യേകിച്ച്. പക്ഷേ, രാമകൃഷ്ണന്‍ ധീരനായിരുന്നു, ധീരതയേക്കാള്‍ ജീവനെപ്പോലെ താന്‍ സ്‌നേഹിച്ച തന്റെ കിടപ്പാടവും ചെടിയും മരങ്ങളുമാണ് തന്നെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് രാമകൃഷ്ണന്‍ പറയുന്നു. പരിചയക്കാരാരോ ആണ് പരാതി കൊടുക്കാന്‍ ഉപദേശിച്ചത്. അതുപ്രകാരം തൊടുപുഴ ഐ.ടി.ഡി.പി. ഓഫിസര്‍ക്ക് പരാതി നല്‍കി. ഒരു ഉദ്യോഗസ്ഥന്‍ വന്നു പോയി എന്നതൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന്, ജില്ലാ കലക്ടര്‍ക്കു പരാതി കൊടുത്തു. ബലപ്രയോഗത്തിനും ഒഴിപ്പിച്ചതിനും തെളിവില്ലെന്നു പറഞ്ഞ് ആര്‍.ഡി.ഒ. കോടതിയും കേസ് തള്ളി.പിന്നെ കുറച്ചുനാള്‍ ആര്‍ക്കും പരാതിയയച്ചില്ല. അയച്ചാല്‍ തന്നെ എന്തു സംഭവിക്കാനെന്നായിരുന്നു തോന്നല്‍. അനുഭവവും വ്യത്യസ്തമായിരുന്നില്ലല്ലോ. പക്ഷേ, അധികനാള്‍ അങ്ങനെ കഴിയാനായില്ല. കാല്‍ച്ചുവട്ടിലെ മണ്ണ് നഷടപ്പെട്ട വേദന ആ കര്‍ഷകനെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. കളി കാര്യമാവുമെന്നു മനസ്സിലാക്കിയ വനപാലകരും വെറുതെയിരുന്നില്ല. രാമകൃഷ്ണനെ കുടുക്കാനായിരുന്നു പിന്നീടുള്ള അവരുടെ ശ്രമം. കോടികള്‍ വിലമതിക്കുന്ന വനഭൂമിയിലെ കൈയേറ്റക്കാരനാണ് രാമകൃഷ്ണനെന്നായിരുന്നു കോടതിയില്‍ വനംവകുപ്പിന്റൈ വക്കീലന്മാര്‍ വാദിച്ചത്. ഇതു മുഖവിലയ്‌ക്കെടുത്ത കോടതി രാമകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പിന്നീട് ഉറക്കമില്ലാത്ത ദിനരാത്രങ്ങളായിരുന്നു ആ കുടുംബത്തിന്റേത്. 'വനഭീകരന്‍' താമസിച്ചിരുന്ന വീടും പരിസരവും പോലിസ് കനത്ത നിരീക്ഷണത്തിനു വിധേയമായി. വീടിനു ചുറ്റും പരിസരങ്ങളിലും വനപാലകരും പോലിസും നിലയുറപ്പിച്ചു. ഇതൊക്കെ കണ്ട് ഒരു സാധാരണ മനുഷ്യന് എത്രനാള്‍ ധൈര്യത്തോടെ ജീവിക്കാനാവും. ഈ സന്നാഹങ്ങള്‍കണ്ട് ഭയപ്പെട്ട രാമകൃഷ്ണനും ഭാര്യയും മകനും ഒളിവില്‍പ്പോയി. ഇത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി. കോടതി രാമകൃഷ്ണനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വീടിനു മുന്‍പില്‍ നോട്ടീസും പതിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ മുട്ടം ജില്ലാ കോടതിയിലെത്തി രാമകൃഷ്ണന്‍ 'ദുര്‍വിധി'ക്ക് കീഴടങ്ങി. കോടതി രാമകൃഷ്ണനെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. തുടരുന്ന പീഡനംജാമ്യം കിട്ടി പുറത്തുവന്നശേഷവും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. വനപാലകരുടെ ക്രൂരത പിന്നെയും തുടര്‍ന്നു. എല്ലാ മാസവും മൂന്നാമത്തെ തിങ്കളാഴ്ച തലക്കോട് റെയ്ഞ്ച് ഓഫിസിലെത്തി ഒപ്പിടണമായിരുന്നു. ഒടുവില്‍ ഒപ്പിടുന്നത് അവസാനിപ്പിക്കാന്‍ രാമകൃഷ്ണന്‍ നല്‍കിയ അപേക്ഷയെപ്പോലും വനംവകുപ്പിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ഇതിനിടെ താമസിച്ചുകൊണ്ടിരുന്ന വീടും പുരയിടവും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ജീവന്‍തിരിച്ചുകിട്ടിയത് ഭാഗ്യം. ആ കുടുംബം വീണ്ടും വറുതിയിലായി.ഹൈക്കോടതിയെ തന്നെ വീണ്ടും വിശ്വസിക്കുകയായിരുന്നു രാമകൃഷ്ണന്‍. അതിനിടെ ഈ കൈയേറ്റമാരോപിച്ച ഭൂമി രാമകൃഷ്ണന്റേതാണെന്നു സാക്ഷ്യപ്പെടുത്തുന്ന വനാവകാശരേഖയും (ഫോറസ്റ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ്-എഫ്.ആര്‍.സി) ലഭിച്ചു. ഇതു കേസില്‍ വഴിത്തിരിവായി. ഈ രേഖ സ്വീകരിച്ച ഹൈക്കോടതി എന്തുകൊണ്ടാണ് രാമകൃഷ്ണനെതിരേ നടപടിയെടുത്തതെന്നു വനംവകുപ്പിന്റെ അഭിഭാഷകനോട് ആരാഞ്ഞു. ഈ രേഖ കിട്ടാന്‍ വൈകിയതുകൊണ്ടാണെന്ന ഉദാസീന മറുപടിയായിരുന്നു വനംവകുപ്പിന്റേത്. വനംവകുപ്പു തന്നെ നല്‍കേണ്ട ഫോറസ്റ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കാതെ ഒരു പൗരനെ ജയിലിലടച്ചതെന്തിനാണെന്ന് ആരും ചോദിച്ചില്ല. എന്തുകൊണ്ടോ കോടതിയും ചോദിച്ചില്ല. എന്നിരുന്നാലും രേഖ പരിഗണിച്ച് ഈ ഭൂമി രാമകഷ്ണന്റേതാണെന്നു ഹൈക്കോടതി ഉത്തരവിട്ടു. പകപോക്കല്‍ തന്നെസാധാരണഗതിയില്‍ തീര്‍ന്നുപോകേണ്ട കേസ് അവിടെയും തീര്‍ന്നില്ല. വനംവകുപ്പ് കോടതിവിധി അംഗീകരിച്ചില്ല. രാമകൃഷ്ണന് വേറെ ഭൂമിയുണ്ടെന്ന മറു വാദമുയര്‍ത്തി കോടതി ഉത്തരവ് നടപ്പാക്കാതെ അവര്‍ വീണ്ടും രംഗത്തെത്തി. ഇതിനിടെ ഐക്യമലയരയ മഹാസഭാ പ്രസിഡന്റ് സി.ആര്‍. ദിലീപ്കുമാറും നേതാക്കളും ഈ വിഷയത്തില്‍ രാമകൃഷ്ണനെ സഹായിക്കാനെത്തി. അവര്‍ പട്ടികജാതി-വര്‍ഗ കമ്മീഷനെ സമീപിച്ചു. വേറെ ഭൂമിയുണ്ടെന്ന പഴയ വാദം കോതമംഗലം ഡി.എഫ്.ഒ. വീണ്ടും ഉന്നയിച്ചു. എന്നാല്‍, അതില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ട കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍, ഉടന്‍ തന്നെ ഈ ഭൂമി രാമകൃഷ്ണന് വിട്ടുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരേക്കറോളം ഭൂമിയാണ് രാമകൃഷ്ണനു വേറെയുള്ളത്. നേരത്തേ ഉരുള്‍പൊട്ടിയ, ഇപ്പോഴും ദുരന്തഭീഷണിയുണ്ടെന്നു സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ ആ ഭൂമിയിലാണ് രാമകൃഷ്ണനും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. വനഭൂമി കൈയേറിയതിനാണ് രാമകൃഷ്ണന്റെ പേരില്‍ കേസെടുത്തതെന്ന് വനംവകുപ്പ് പറയുമ്പോഴും വെള്ളക്കയം സെറ്റില്‍മെന്റിലെ വനാവകാശരേഖയില്‍ പറയുന്ന ഭൂമിയിലല്ല കേസുനടക്കുന്നത്. ഈ കേസിലാണ് അറസ്റ്റും റിമാന്‍ഡും ഉണ്ടായത്. എങ്കില്‍ പിന്നെ, വനാവകാശരേഖയില്‍ പറയുന്ന രാമകൃഷ്ണന് അവകാശപ്പെട്ട ഭൂമി എന്തുകൊണ്ടാണ് അദ്ദേഹത്തിനു നല്‍കാത്തതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ലായിരുന്നു. ഇങ്ങനെയൊക്കെ ഉപദ്രവിക്കാന്‍ എന്തു തെറ്റാണ് താന്‍ ചെയ്തതെന്നു രാമകൃഷ്ണന്‍ ചോദിക്കുമ്പോള്‍ ആര് എന്തുപറയാനാണ്? ി
Next Story

RELATED STORIES

Share it