34 വര്‍ഷം കഴിഞ്ഞിട്ടും മൈനാഗപ്പള്ളിയിലെ കനാല്‍ നിര്‍മാണം എങ്ങുമെത്തിയില്ല
Published : 27th May 2016 | Posted By: SMR
മുളവൂര്‍ സതീഷ്
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കനാല്‍ നിര്‍മാണം 34 വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ആഞ്ഞിലിമൂട് മുതല്‍ കല്ലുകടവ് വരെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ നിര്‍മിക്കാന്‍ 1982ലാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ഏറെ വൈകാതെ പണികള്‍ ആരംഭിച്ചു. ആറുകിലോമീറ്ററിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായി ഏറെ പണികള്‍ നടന്നെങ്കിലും പിന്നീട് ഇത് നിലച്ചു. 1992ല്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യുകയും പണി പുനരാരംഭിക്കുകയും ചെയ്തെങ്കിലും പിന്നീടും പണിനിലച്ചു. 2006ല്‍ കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മാണം ഏറ്റെടുത്തെങ്കിലും കരാറിന്റെ മറവില്‍ കനാല്‍ പ്രദേശത്തെ മണ്ണ് കടത്തിയ ശേഷം ഇവരും പണി ഉപേക്ഷിച്ചുപോവുകയായിരുന്നു. കനാല്‍ നിര്‍മാണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചും മൈനാഗപ്പള്ളിയിലെ രൂക്ഷമായ ജലക്ഷാമത്തിന്റേയും പശ്ചാത്തലത്തില്‍ ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ ജലവിഭവ മന്ത്രിയായിരുന്ന എന്‍ കെ പ്രേമചന്ദ്രന് അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയം എത്തിയതോടെ മന്ത്രി തന്നെ മുന്‍കൈയെടുത്ത് കെഐപി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ ചില്ലറ പണികള്‍ നടന്നതല്ലാതെ ശാശ്വതമായ പണികള്‍ ഒന്നു നടന്നില്ല. ഏറ്റവും ഒടുവില്‍ 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
ഇതിനിടയില്‍ ആദ്യം നിര്‍മാണം നടത്തിയ ഭാഗങ്ങള്‍ തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഒപ്പം നിരവധി മേഖലകളില്‍ കനാല്‍ കൈയേറിയും മറ്റും ചെയ്തിട്ടുണ്ട്. കുന്നത്തൂര്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശമായ മൈനാഗപ്പള്ളിയില്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ജലം തുറന്നുവിടുവാന്‍ സാധിക്കുകയും ചെയ്തിരുന്നെങ്കില്‍ ജലക്ഷാമത്തിന് പരിഹാരമായേനെ. കുറ്റിയില്‍മുക്കിന് സമീപം അടക്കം പരിമിതമായ സ്ഥലങ്ങളിലെ ഇനി കനാല്‍ നിര്‍മാണം നടക്കാനുമുള്ളു. അടിയന്തരമായി കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് മൈനാഗപ്പള്ളി നിവാസികളുടെ ആവശ്യം. പുതിയ വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവരാനുള്ള പരിശ്രമവും ആരംഭിച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.