malappuram local

34 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം



മലപ്പുറം: ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 34 തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. നിലമ്പൂര്‍, താനൂര്‍, മലപ്പുറം മുന്‍സിപ്പാലിറ്റികള്‍, ഏലംകുളം, പെരുമ്പടപ്പ്, പെരുവല്ലൂര്‍, കാലടി, എടപ്പറ്റ, കൂട്ടിലങ്ങാടി, നന്നമുക്കു, അമരംമ്പലം, എടപ്പാള്‍, വട്ടംകുളം, പൊന്‍മുണ്ടം, മൂര്‍ക്കനാട്, വളവന്നൂര്‍, ആതവനാട്, പറപ്പൂര്‍, മങ്കട, വെളിയംങ്കോട്, തെന്നല, കണ്ണമംഗലം, മാറാക്കര, തുവ്വൂര്‍, കരുളായി, തൃക്കലങ്ങോട്, ആലംങ്കോട്, മേലാറ്റൂര്‍, എന്നീ ഗ്രാമപഞ്ചായത്തുകളിലേയും മലപ്പുറം, മങ്കട, വേങ്ങര, പെരുമ്പടപ്പ്, പൊന്നാനി, കാളികാവ് ബ്ലോക്കു പഞ്ചായത്തുകളിലേയും പദ്ധതികള്‍ക്കാണ്് ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കിയത്. ജില്ലാപഞ്ചായത്തിന്റെ പ്രോജക്ടായ ഭിന്നശേഷിക്കാരുടെ പരിചരണം, ചികില്‍സ, പരിശീലനം ഗവേഷണം എന്നിവയ്ക്ക് സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായി സര്‍വേ നടത്താന്‍ അംഗീകാരം നല്‍കി. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ ആഴ്ചച്ചന്ത വിപുലീകരണം, കിണര്‍ റീചാര്‍ജിങ്, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്‌ക്കരണ പദ്ധതി, മൊറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലന പദ്ധതി, പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ ചെറുപുഴ സംരക്ഷണം, ഒഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പൊലിവ് പദ്ധതി, ഇ-ലൈബ്രറി, ജനസേവനകേന്ദ്രം എന്നിവയും കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിഘണ്ടു വിതരണം, ലാബ് സയന്‍സ് പദ്ധതിയായ സയന്‍സിയ എന്നിവയാണ് യോഗത്തില്‍ അംഗീകരിച്ച മറ്റു പ്രോജക്ടുകള്‍.  മാലിന്യം ലോറിയില്‍ കയറ്റി അയക്കുന്നത് നിര്‍ത്തലാക്കി എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ ആരംഭിക്കാനും ബ്ലോക്കുതല ഷഡ്ഡിങ് യൂനിറ്റുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ഇലട്രിക്കല്‍, ഇലട്രോണിക്‌സ് പദ്ധതികളുടെ അനുമതി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെ ഏല്‍പിക്കുന്നതിനും ഭൂഗര്‍ഭ ജലവകുപ്പിന്റെ പ്രോക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനും കര്‍ശന നിര്‍ദേശം നല്‍കി. ട്രഷറി ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ട്രഷറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നവംബര്‍ 6ന് ചേരുന്ന യോഗത്തില്‍ എല്ലാ ജില്ലാതല - ബ്ലോക്കുതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ ശ്രീലത ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it