Flash News

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; സെമി സാധ്യതകള്‍ കയ്യാലപ്പുറത്ത്‌

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; സെമി സാധ്യതകള്‍ കയ്യാലപ്പുറത്ത്‌
X


നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി: കളഞ്ഞ് കുളിച്ച അവസരങ്ങളെയോര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന് സ്വയം പഴിക്കാം. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ നിര്‍ണായക മല്‍സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ചെന്നൈയിനുമായി ഗോള്‍രഹിത സമനില വഴങ്ങി. ഇതോടെ അവസാന പ്രതീക്ഷയും അസ്തമിച്ച് ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ നിന്ന് ഏറെക്കുറെ പുറത്തായി. രണ്ടാം പകുതിയില്‍ പെക്കുസണ് ലഭിച്ച പെനല്‍റ്റിയുള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ അവസരങ്ങളെയെല്ലാം തട്ടിയകറ്റിയ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്ത് സിങിന്റെ പോരാട്ട വീര്യത്തെ നമിക്കാം. സമനിലയോടെ 29 പോയിന്റുമായി ചെന്നൈന്‍ എഫ്‌സി സെമി സാധ്യതകള്‍ സജീവമാക്കി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇനി മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍.

നിരാശയുടെ ആദ്യപകുതി

12ാംമിനിറ്റില്‍ ജാക്കിചന്ദ് തൊടുത്ത ലോങ്ങറേഞ്ചറില്‍ നിന്നാണ് കേരളം ആരംഭിച്ചത്.  പന്ത് കൈപ്പിടിയിലൊതുക്കുന്നതില്‍ ചെന്നൈന്‍ ഗോളി പരാജയപ്പെട്ടതോടെ ടീമിന് ലഭിച്ചത് കോര്‍ണര്‍. പക്ഷെ മുതലാക്കുവാന്‍ വിനീതുള്‍പ്പെടെയുള്ള മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല.  ബെര്‍ബറ്റോവിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ചെന്നൈയിന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുന്നതിനും ഒന്നാം പകുതിയുടെ ആദ്യമിനിറ്റുകള്‍ സാക്ഷ്യം വഹിച്ചു. സമനിലയ്ക്ക് വേണ്ടിയെന്ന പോലെയാണ് സന്ദര്‍ശകര്‍ കളിച്ചത്. പന്ത് ലഭിക്കുന്ന വേളയിലെല്ലാം മൈതാനമധ്യത്ത് തട്ടി കളിക്കുവാന്‍ ചെന്നൈ ശ്രമിച്ചതോടെ കളി വിരസമായി. ചെന്നൈയുടെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ആദ്യപകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കവേയായിരുന്നു.  ജെജെയും റെനെ മെലിക്കും കൂടി നടത്തിയ അപ്രതീക്ഷിത മുന്നേറ്റം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ കാര്യമായി പരീക്ഷിച്ചു. വലതുവിങ്ങില്‍ നിന്നും പെനല്‍റ്റി ബോക്‌സിനുള്ളിലേക്ക് റെനെ പാസ് നല്‍കുമ്പോള്‍ ജെജെക്കുമുന്നില്‍ ഗോളി റെചുബ്ക്ക മാത്രമാണുണ്ടായത്. എന്നാല്‍ ജെജെയുടെ ഷോട്ട് പോസ്റ്റില്‍ തൊട്ടുരുമി പുറത്തേക്ക് പാഞ്ഞു. എടുത്ത് പറയത്തക്ക നീക്കങ്ങളോ മുന്നേറ്റങ്ങളോയില്ലാതെയാണ് ആദ്യപകുതി അവസാനിച്ചത്.
പെക്കുസണും വിനീതും പ്രതിനായകര്‍

നിര്‍ണായക നിമിഷങ്ങളില്‍ വില്ലന്മാര്‍ നായകരാകും. ചിലപ്പോള്‍ നായകര്‍ പ്രതിനായകരിലേക്കും വഴി മാറിയേക്കാം. ടൂര്‍ണമെന്റിലുടനീളം മഞ്ഞപ്പടയ്ക്ക് വേണ്ടി അധ്വാനിച്ച് കളിച്ച പെക്കുസണും സികെ വിനീതും നായകരുടെ റോളില്‍ നിന്ന് ഇന്നലെ മാറിയത് പ്രതിനായക വേഷത്തിലേക്ക്.  ഇവര്‍ ഇരുവരും ഇന്നലെ പാഴാക്കിയ അവസരങ്ങില്‍ തട്ടി ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത് സെമി പ്രതീക്ഷകള്‍. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം ഗുജോണിലൂടെയാണ് കണ്ടത്. ഗോളടിക്കണമെന്ന വാശിയോടെ 53ാം മിനിറ്റില്‍ ഗുജോണ്‍ പെനാല്‍റ്റി ബോക്‌സിലേക്ക് പന്തുമായി കയറി. കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ ഗുജോണിനെ വീഴ്ത്തിയതിന് റഫറിയുടെ ശിക്ഷ പെനല്‍റ്റി രൂപത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ അനുഗ്രഹിച്ചു. വിജയം മണത്ത സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷങ്ങള്‍. പക്ഷെ ആഹ്ലാദങ്ങള്‍ക്ക് ആയുസ് നിമിഷങ്ങള്‍ മാത്രം.  പതിവ് പെനല്‍റ്റി ടേക്കറായ ഇയാന്‍ ഹ്യൂമിന്റെ അഭാവത്തില്‍ കിക്കെടുത്തത് കറേജ് പെക്കുസണ്‍. വലത് മൂലയിലേക്ക് പന്ത് പായിക്കുവാനുള്ള ശ്രമം ചെന്നൈയിന്‍ ഗോളി തട്ടിയകറ്റി. അവിശ്വസനീയതയോടെ ആരാധകരും താരങ്ങള്‍ക്കും തലയില്‍ കൈവയ്ക്കുവാനേ സാധിച്ചുള്ളു.  പെനല്‍റ്റി നഷ്ടപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഗുജോണ്‍ അധ്വാനിച്ചുകൊണ്ടേയിരുന്നു.  76 ാം മിനിറ്റില്‍ ജാക്കിചന്ദിന്റെയും ഗുജോണിന്റെയും മിന്നലാക്രമണം വീണ്ടും ചെന്നൈയിന്‍  ബോക്‌സിനുള്ളിലേക്ക്.
മധ്യനിരയില്‍ നിന്നും പന്തുമായി  മുന്നേറിയ ജാക്കിചന്ദ്് വലതുവിങ്ങിലേക്ക് പന്ത് നീട്ടിനല്‍കി. പെനല്‍റ്റി ബോക്‌സിന്റെ പുറത്തുവച്ച് കിട്ടിയ പന്ത് സെക്കന്റുകള്‍ പോലും പാഴാക്കാതെ ഗുജോണ്‍ ഗോളിപോസ്റ്റിലേക്ക് നിറയൊഴിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍ ചെന്നൈയിന്‍ ഗോളി വിലങ്ങ് തടിയായി.  എന്നാല്‍ ഗോളി തട്ടിയകറ്റിയ പന്ത്  വിനീതിലേക്ക് എത്തുമ്പോള്‍ എതിര്‍ പോസ്റ്റ് ശൂന്യമായിരുന്നു. എന്നാല്‍ വെപ്രാളം അടക്കാനാകാതെ വിനീതിന്റെ ധൃതിയിലുള്ള ഷോട്ട് കാര്യമായ ചലനങ്ങളുണ്ടാക്കാതെ പുറത്തേക്ക്. അധിക സമയത്ത് ചെന്നൈ മുന്നേറ്റം ബ്ലാസ്റ്റേഴ്‌സ് പോസ്റ്റില്‍ തട്ടി തെറിച്ചതോടെ തോല്‍വിയൊഴുവാക്കാനായതില്‍ മഞ്ഞപ്പടയ്ക്ക് ആശ്വസിക്കാം. ഇനി അദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കാം മഞ്ഞപ്പടയുടെ സെമി ഫൈനല്‍ പ്രവേശനത്തിനായി.
Next Story

RELATED STORIES

Share it