kozhikode local

കുരങ്ങുശല്യം; കര്‍ഷകര്‍ പൊറുതിമുട്ടുന്നു

താമരശ്ശേരി: വന മേഖലയില്‍ നിന്നും ഏറെ അകലങ്ങളില്‍ പോലും വാനരശല്യം വര്‍ധിച്ചത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. കിഴക്കോത്ത് പഞ്ചായത്തിലെ വെള്ളിലാട്ടു പൊയില്‍ ,പൊന്നും തോറ, കുന്നത്ത് തുടങ്ങിയ പ്രദേശങ്ങലിലാണ് വാനരന്‍മാര്‍ എത്തി കൃഷി നശിപ്പിക്കുന്നത്. പല സ്ഥലത്തും തെങ്ങില്‍ നിന്നും ഇളനീര്‍ മുഖം കരന്നു വെള്ളം കുടിച്ചു ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് വാനര ഉപദ്രവമാണെന്ന് മനസ്സിലായത്. എലി ശല്യമാണെന്നു കരുതി വിഷം വെച്ചെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിലെ വീടുകളില്‍ എത്തിയത് കണ്ടതോടെയാണ് കര്‍ഷകര്‍ വാനര പരാക്രമം മനസ്സിലാക്കിയത്. വീടുകളില്‍ നിന്നും കിട്ടുന്ന സാധനങ്ങളൊക്കെയും എടുത്തു കൊണ്ടുപോവുന്നതും പതിവായിട്ടുണ്ട്. ചെറിയ കുട്ടികളെ ഉപദ്രവിക്കുമോ എന്ന ഭയവും വീട്ടുകാരെ അലോസരപ്പെടുത്തുന്നു. വനമേഖലയില്‍ നിന്നും ഏറെ വിദൂര പ്രദേശങ്ങളാണ് ഈ മേഖല. ഭക്ഷണം തേടിയാണ് ഇവ നാട്ടിലെത്തിയതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. വയനാട് ചുരത്തിനോട് ചേര്‍ന്ന മുപ്പതേക്രയിലും പരിസരങ്ങളിലും വര്‍ഷങ്ങളായി വാനര ശല്യം മൂലം ജനം പൊറുതി മുട്ടിയിട്ടും അവയെ തുരത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it