Idukki local

33 കെവി ലൈന്‍ വലിക്കുന്ന പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശിയപാതയുടെ വണ്ടിപ്പെരിയാര്‍ ഭാഗത്ത് വൈദ്യുതി വകുപ്പ് 33 കെവി ലൈന്‍ വലിക്കാന്‍ പോസ്റ്റുകള്‍ക്കായി കുഴിച്ച കുഴികളുടെ പണികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയപാതാ അധികൃതര്‍ നിര്‍ദേശം നല്‍കി. കുമളിയില്‍ പുതുതായി നിര്‍മിക്കുന്ന സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കമ്പി വലിക്കുന്നതിനായി പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനായാണ് കെഎസ്ഇബി കുഴികളെടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് പെരിയാര്‍ സബ് സ്റ്റേഷന്‍ മുതല്‍ വാളാര്‍ഡി വരെ ദേശീയപാതയോരത്ത് കെഎസ്ഇബി കുഴികള്‍ എടുത്ത് പോസ്റ്റ് സ്ഥാപിക്കുവാനുള്ള പണികള്‍ ആരംഭിച്ചത്. ദേശീയപാതയുടെ  നവീകരണത്തിനായി 35 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് ദേശീയപാതാ അതോരിറ്റി. ഇതിനിടെയാണ് റോഡിനോടു ചേര്‍ന്ന് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനായി കുഴികള്‍ എടുക്കുന്നത്. പീരുമേട് മുതല്‍ കുമളി വരെ 34 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ഭാഗങ്ങളില്‍ റോഡ് 9 സെന്റിമീറ്റര്‍ കനത്തില്‍ ഉയര്‍ത്തിയാണ് ടാറിങ് നടത്തുക. കക്കികവല മുതല്‍ നെല്ലിമല വരെ അര കിലോമീറ്റര്‍ റോഡ് ഉയര്‍ത്താനും പദ്ധതിയുണ്ട്.
ദേശീയപാതയില്‍ ഈ ഭാഗത്ത് വെള്ളം കയറുന്നതാണ് റോഡ് ഉയര്‍ത്താന്‍ കാരണം. ഒന്നര മീറ്റര്‍ ഉയര്‍ത്തി 8 മീറ്റര്‍ വീതിയില്‍ റോഡ് വീതികൂട്ടി പണിയും. ദേശീയ പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന ചോറ്റുപാറ പെരിയാര്‍ തോട്ടിലെ വെള്ളം മഴക്കാലത്ത് റോഡില്‍ കയറി ഗതാഗത സ്തംഭനം ഉണ്ടാവുക പതിവാണ്. പണികള്‍ നടത്തുന്നതിനായി ദേശീയപാതാ അധികൃതര്‍ കരാര്‍ നല്‍കിയ സ്ഥലത്താണ് കെഎസ്ഇബി പോസ്റ്റുകള്‍ നാട്ടുവാന്‍ കുഴികള്‍ എടുത്തത്.
പെരിയാര്‍ സബ് സ്റ്റേഷനില്‍ നിന്ന് കുമളിയിലേക്ക് 33 കെവി ലൈന്‍ കൊണ്ടുപോകാനുള്ള പോസ്റ്റായിട്ടാണ് കെഎസ്ഇബി കുഴികള്‍ എടുത്തത്. അടുത്ത ദിവസങ്ങളില്‍ കെഎസ്ഇബിയും ദേശീയപാതയും സംയുക്തമായി സ്ഥലപരിശോധന നടത്തിയശേഷം മാത്രമെ കുഴികള്‍ ഇനി എടുക്കുകയുള്ളൂ. ഇതിനായുള്ള മാപ്പും രേഖകളും ദേശീയപാതാ അധികൃതര്‍ കൊണ്ടുവന്ന് സ്ഥലപരിശോധന നടത്തുമെന്ന് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it