മഞ്ചേരി: വയനാട് ഡിഎംഒയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം മുശാരിക്കാവില്‍ പുങ്കാവിളത്ത് കണ്ണന്റെ മകന്‍ ഡോ. പി വി ശശിധര(51)നെയാണ് ഇന്നലെ മലപ്പുറം പന്തല്ലൂര്‍ മുടിക്കോടിലെ വീടിനോടു ചേര്‍ന്നുള്ള പരിശോധന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷമായി ശശിധരനും കുടുംബവും ഇവിടെയാണു താമസം. ഇന്നലെ രാവിലെ
ജോലി സ്ഥലത്തേക്കു കൊണ്ടുപോവാനായി ബസ് സ്റ്റോപ്പില്‍ കാത്തിരുന്ന ജീവനക്കാര്‍ ഡോക്ടറെ കാണാതിരുന്നതോടെ ക ല്‍പ്പറ്റ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയ പോലിസ് മൊബൈല്‍ ഫോണിന്റെ പരിധി മുടിക്കോടാണെന്നു കണ്ടെത്തി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പാണ്ടിക്കാട് പോലിസ് 10മണിയോടെ ഡോക്ടറുടെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും വീട്ടിലില്ലാഞ്ഞ സമയത്താണ് ആത്മഹത്യ. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് എഴുതിയ കുറിപ്പും മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചിട്ടുണ്ട്.
ഒരു വര്‍ഷമായി വയനാട്ടില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ ദീര്‍ഘകാലം പാണ്ടിക്കാട്, തൂവ്വൂര്‍, മങ്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മലപ്പുറം താലൂക്ക് ആശുപത്രി സുപ്രണ്ടായും ജോലി ചെയ്തിട്ടുണ്ട്.
ഇടുക്കിയില്‍ നിന്നാണ് വയനാട്ടിലെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്ന് വയനാട് ഡിഎംഒ ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം കണ്ണൂരിലേക്ക് കൊണ്ടുപോവും. ഭാര്യ ഷീബ. മക്കള്‍ ജ്യോത്സ്‌ന, ജസ്വന്ത്.
Next Story

RELATED STORIES

Share it