ന്യൂഡല്‍ഹി: ഹവാലക്കേസില്‍ പെട്ടപ്പോള്‍ എല്‍ കെ അദ്വാനി രാജി വച്ചതുപോലെ ക്രിക്കറ്റ് അസോസിയേഷന്‍ കേസിലുള്‍പ്പെട്ട അരുണ്‍ ജെയ്റ്റ്‌ലിയും രാജി വയ്ക്കുമോ എന്ന് പ്രതിപക്ഷം. അദ്വാനിയെയും അരുണ്‍ ജെയ്റ്റ്‌ലിയെയും താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിപക്ഷ കക്ഷികളുടെ ചോദ്യം.
ഹവാല കേസിലെ അദ്വാനിയെ പോലെ അരുണ്‍ ജെയ്റ്റ്‌ലിയും കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന് തീര്‍ച്ചയാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ജെയ്റ്റ്‌ലി രാജി വയ്ക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന ജയ്റ്റ്‌ലിയുടെ രാജിയുടെ സൂചനയാണ് നല്‍കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ അദ്വാനിക്കും ജെയ്റ്റ്‌ലിക്കുമെതിരായ ആരോപണങ്ങളില്‍ യാതൊരു സാമ്യതയുമില്ലെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോഴാണ് ധാര്‍മിക ഉത്തരവാദിത്തമേറ്റടുത്ത് അദ്വാനി രാജിവെച്ചത്. എന്നാല്‍ ജെയ്റ്റ്‌ലിക്കെതിരേ അന്വേഷണം നടക്കുന്നില്ല. തെളിവിന്റെ പിന്‍ബലമില്ലാതെയാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും അവര്‍ പറഞ്ഞു. ജെയ്റ്റ്‌ലിക്കെതിരായ ആരോപണം കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് അന്വേഷിച്ചതാണെന്നും ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നും ബിജെപി സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
അതിനിടെ അദ്വാനി ഹവാല കേസില്‍ രക്ഷപ്പെട്ടത് താന്‍ കേസ് വാദിച്ചത് മൂലമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ജെയ്റ്റ്‌ലിയെ വിചാരണ ചെയ്യുന്നത് താനായിരിക്കുമെന്നും ജത്മലാനി പറഞ്ഞു. ക്രിക്കറ്റ്, സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ജത്മലാനി പറഞ്ഞു.
Next Story

RELATED STORIES

Share it