നാല് കോളജുകള്‍ക്ക് അന്തിമ ഫീസ് ഘടനയായി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളജുകളില്‍ കൂടി എംബിബിസ് കോഴ്‌സിനുള്ള അന്തിമ ഫീസ് നിശ്ചയിച്ച് ഉത്തരവായി. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, പാലക്കാട് പി കെ ദാസ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം എസ്‌യുടി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തീരുമാനിച്ചത്. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് 4.81 ലക്ഷം, പി കെ ദാസ് മെഡിക്കല്‍ കോളജ്  5.22 ലക്ഷം, എസ്‌യുടി മെഡിക്കല്‍ കോളജ്  4.60 ലക്ഷം, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്  4.85 ലക്ഷം എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചത്. എല്ലാ കോളജുകളിലും അടുത്തവര്‍ഷം 15 ശതമാനം ഫീസ് വര്‍ധിപ്പിക്കുയും ചെയ്യും. കോളജുകളുടെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലെയും കെഎംസിടി, കരുണ മെഡിക്കല്‍ കോളജുകളിലെയും ഫീസ് ഘടനയാണ് ഇതിനകം കമ്മിറ്റി നിശ്ചയിച്ചത്. സംസ്ഥാനത്ത് എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് ഘടന കൂടി നിശ്ചയിക്കാനുണ്ട്. ഇവ നിശ്ചയിക്കുന്ന നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നടത്തിവരുകയാണ്. കോളജുകള്‍ സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളിലെ സങ്കീര്‍ണതകളാണ് ഫീസ്ഘടന നിശ്ചയിക്കുന്നതില്‍ തടസ്സമാവുന്നത്. ഓരോ കോളജിന്റെയും സൗകര്യവും മുതല്‍മുടക്കും വ്യത്യസ്തമായതിനാല്‍ വെവ്വേറെ ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യംകൂടി കണക്കിലെടുത്താണ് ഇക്കുറി ഫീസ് നിര്‍ണയസമിതിയുടെ നടപടി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍, ഡെന്റല്‍ ഫീസ് നിര്‍ണയ, പ്രവേശന നടപടികളുടെ സമയക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഉത്തരവ് പ്രകാരം കോളജുകള്‍ക്ക് വരവ് ചെലവ് കണക്ക് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കേണ്ട അവസാനതിയ്യതി കഴിഞ്ഞ 31നായിരുന്നു. കോളജ് അധികൃതരുടെ വാദംകേട്ട ശേഷം അന്തിമ ഫീസ് നിര്‍ണയം സംബന്ധിച്ച ഉത്തരവ് ഫെബ്രുവരി 15നകം പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it