|    Feb 22 Wed, 2017 10:12 am
FLASH NEWS

32 ലക്ഷത്തോളം എടിഎം പിന്‍ നമ്പര്‍ ചോര്‍ന്നു?

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ 32 ലക്ഷത്തോളം എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായി സംശയം. ഇതെത്തുടര്‍ന്ന് ഈ കാര്‍ഡുകളിലെ ഇടപാടുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. ഇവ റദ്ദാക്കി പുതിയ കാര്‍ഡുകള്‍ നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. എസ്ബിഐ മാത്രം ആറു ലക്ഷം കാര്‍ഡുകള്‍ റദ്ദാക്കി പുതിയത് നല്‍കും. എല്ലാ ഉപഭോക്താക്കളോടും പിന്‍ നമ്പര്‍ മാറ്റാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്‍ നമ്പര്‍ കൂടാതെയുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ ബാങ്കുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
യെസ് ബാങ്കിന്റെ എടിഎം ശൃംഖല കൈകാര്യം ചെയ്യുന്ന ഹിറ്റാച്ചി പേമെന്റ് സര്‍വീസില്‍ ജൂലൈയിലാണ് പ്രശ്‌നം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ സൂചനകള്‍ ലഭിക്കുകയായിരുന്നു.
യെസ് ബാങ്കിന്റെത് മാത്രമല്ല, അവരുടെ എടിഎം കൗണ്ടറുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ മറ്റു ബാങ്കുകളുടെ കാര്‍ഡുടമകളുടെയും അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതിലുള്‍പ്പെടും. സ്വന്തം കാര്‍ഡുടമകളെക്കാള്‍ മറ്റു കാര്‍ഡുടമകളാണ് യെസ് ബാങ്ക് എടിഎം കൗണ്ടറുകളിലെ സേവനം ഉപയോഗിക്കാറ്. സംശയത്തെത്തുടര്‍ന്ന് യെസ് ബാങ്ക് അവരുടെ ബ്രാഞ്ചുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചെങ്കിലും അതിലൊന്നും പ്രശ്‌നം കണ്ടെത്തിയില്ല. തുടര്‍ന്നാണ് എടിഎം വിവരങ്ങള്‍ ചോര്‍ന്നതായി സംശയമുയര്‍ന്നത്. സംശയം തോന്നിയതിനാല്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ മാറ്റി നല്‍കുന്നതെന്ന് യെസ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കണ്ടെത്തിയ കാര്യങ്ങള്‍ മറ്റു ബാങ്കുകള്‍ക്കും കൈമാറിയിട്ടുണ്ട്.
യെസ് ബാങ്കിനെക്കൂടാതെ എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നീ ബാങ്കുകളുടെ വിവരങ്ങളാണ് ചോര്‍ന്നുവെന്ന് സംശയിക്കുന്നതില്‍ ഭൂരിഭാഗവും. പ്രാഥമിക പരിശോധനയില്‍ തങ്ങളുടെ സംവിധാനത്തില്‍ സുരക്ഷാ പ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ഹിറ്റാച്ചി പേമെന്റ് സര്‍വീസ് മാനേജിങ് ഡയറക്ടര്‍ ലോണി ആന്റണി പറയുന്നു. എന്നാല്‍, അന്തിമ റിപോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാവൂ.
കാര്‍ഡുകള്‍ മാറ്റി നല്‍കേണ്ട കാര്യമൊന്നുമില്ല. പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുകയെന്ന രീതി തുടര്‍ന്നാല്‍ മതിയാവും. ആന്റണി പറയുന്നു. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കണക്കു പ്രകാരം നിലവില്‍ ഇന്ത്യയില്‍ 60 കോടി ഡെബിറ്റ് കാര്‍ഡുകളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക