സോളാര്‍ കമ്മീഷന്‍: സരിത ഹാജരായില്ല

കൊച്ചി: കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് വിസ്താരത്തില്‍ നിന്നു പിന്മാറിയ സരിത എസ് നായര്‍ ഇന്നലെ കമ്മീഷന്‍ മുമ്പാകെ ഹാജരായില്ല. സരിത എസ് നായര്‍ കമ്മീഷനു മുമ്പാകെ ഹാജരാവാത്തതും വിസ്താരം വലിച്ചു നീട്ടുന്നതും ആര്‍ക്കും നല്ലതല്ലെന്നും സരിത കമ്മീഷനു മുമ്പാകെ ഹാജരാവാതിരുന്നത് സംശയാസ്പദമാണെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ വിമര്‍ശിച്ചു.
സരിതയ്ക്ക് രക്തസമ്മര്‍ദ്ദം അധികമാണെന്നും ഡോക്ടറെ കാണേണ്ടതിനാല്‍ കമ്മീഷനില്‍ ഹാജരാവാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ സി ഡി ജോണി കമ്മീഷനെ അറിയിച്ചു. സരിതയുടെ ശാരീരിക അവശതകള്‍ പരിഗണിച്ചു വിസ്താരം 21ലേക്കു മാറ്റാന്‍ അഭിഭാഷകന്‍ കമ്മീഷനോട് അനുവാദം ചോദിച്ചു. 18ന് സരിതയ്ക്കു കമ്മീഷനില്‍ ഹാജരാവാന്‍ പറ്റുമോ എന്ന സാധ്യത കമ്മീഷന്‍ ആരാഞ്ഞെങ്കിലും 21നു മാത്രമേ ഹാജരാവാന്‍ കഴിയൂ എന്നു സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് 21ന് വിസ്താരത്തിനായി സരിത കമ്മീഷനു മുമ്പാകെ ഹാജരാവണമെന്നു ജസ്റ്റിസ് ശിവരാജന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച നടന്ന വിസ്താരത്തിനിടെ സരിതയുടെ മൂക്കില്‍ നിന്ന് ചോര പൊടിഞ്ഞിരുന്നു. കരയുന്നതിനിടയില്‍ മൂക്കുത്തി മൂക്കില്‍ ചേര്‍ത്ത് അമര്‍ത്തിയപ്പോഴാണ് സരിതയുടെ മൂക്കില്‍ നിന്ന് ചോര പൊടിഞ്ഞതെന്നു കമ്മീഷനിലെ ജീവനക്കാരിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കമ്മീഷന്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം മൂലമാണ് ചോര വന്നതെന്നു സരിതയുടെ അഭിഭാഷകന്‍ കമ്മീഷനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ ശബ്ദം ഇല്ലെന്നു പറഞ്ഞ് വിസ്താരത്തില്‍ നിന്ന് ഒഴിവായ സരിത മാധ്യമങ്ങളോടു സംസാരിച്ചത് ശ്രദ്ധയില്‍ പെട്ടതായും കമ്മീഷന്‍ വ്യക്തമാക്കി. സരിത എവിടെയാണെന്ന കമ്മീഷന്റെ ചോദ്യത്തിന് സരിത തന്റെ ഫഌറ്റിലുണ്ടെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. സരിത ഇന്നലെ കമ്മീഷനു മുമ്പാകെ ഹാജരാവാത്ത സാഹചര്യത്തിലും അഭിഭാഷകന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയിരുന്നില്ല. ഇത്തരം സാഹചര്യത്തില്‍ ഒരു പരിധിയിലധികം കമ്മീഷന് സൗമ്യമായിരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ സരിതയുടെ അഭിഭാഷകനെ അറിയിച്ചു. കമ്മീഷനില്‍ ഹാജരാവുന്നതു വരെ സരിത സോളാര്‍ കമ്മീഷന്റെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സോളാര്‍ കമ്മീഷന്റെ അന്വേഷണ കാലപരിധി നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങളില്‍ ജസ്റ്റിസ് ശിവരാജന്‍ ആശങ്കയറിയിച്ചു. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു കമ്മീഷന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ ഇതിന് അനുകൂലമല്ല. ഈയൊരു സാഹചര്യത്തിലാണ് ബിജു രാധാകൃഷ്ണന്‍ തെളിവ് ഉണ്ടെന്നറിയിച്ചപ്പോള്‍ കമ്മീഷന്റെ അധികാരം ഉപയോഗിച്ച് എത്രയും പെട്ടെന്ന് തെളിവു പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ അഭിഭാഷകനുള്‍പ്പെടെ അന്വേഷണത്തില്‍ കക്ഷിചേര്‍ന്ന മറ്റു ചിലരും സിഡി പിടിച്ചെടുക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി അനന്തമായി അന്വേഷണം നീട്ടാന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it