31 അത്‌ലറ്റുകള്‍ക്ക് റിയോ ഒളിംപിക്‌സില്‍ നിന്നു വിലക്ക്

റിയോ ഡി ജനയ്‌റോ: 31 അത്‌ലറ്റുകളെ റിയോ ഒളിംപിക്‌സില്‍ നിന്നും വിലക്കിയതായി അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) അറിയിച്ചു. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിനിടെ ശേഖരിച്ച അത്‌ലറ്റുകളുടെ സാംപിളുകള്‍ വീണ്ടും പരിശോധിച്ച ശേഷമാണ് ഐഒസി ഈ തീരുമാനം കൈക്കൊണ്ടത്. ആറു വ്യത്യസ്ത കായിക ഇനങ്ങളില്‍പ്പെട്ട അത്‌ലറ്റുകള്‍ക്കാണ് വിലക്ക് വരിക.
അത്‌ലറ്റുകളെ ഉത്തേജകത്തില്‍ നിന്നു പൂര്‍ണമായി മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ത്ത ഐഒസിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ തീരുമാനിച്ചത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സ് മുതല്‍ ശേഖരിച്ച 454 സാംപിളുകളാണ് ഐഒസി വീണ്ടും പരിശോധിച്ചത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു പരിശോധന. ബെയ്ജിങ് ഒളിംപിക്‌സില്‍ മല്‍സരിച്ചവരും റിയോയില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ളതുമായ അത്‌ലറ്റുകളുടെ സാംപിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
നിലവിലെ സാംപിളുകള്‍ കൂടാതെ 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ മല്‍സരിച്ച 250 അത്‌ലറ്റുകളുടെ സാംപിളുകള്‍ കൂടി പുനര്‍ പരിശോധന നടത്തുന്നുണ്ട്. ഉത്തേജകം ഉപയോഗിക്കുന്നവരെ പൂര്‍ണമായി റിയോ ഒളിംപിക്‌സില്‍ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഐഒസി അറിയിച്ചു.
ബെയ്ജിങ്, ലണ്ടന്‍ എന്നീ ഒളിംപിക്‌സുകളിലെ മെഡല്‍ ജേതാക്കളുടെ സാംപിളുകളും വീണ്ടും പരിശോധിക്കാന്‍ ഐഒസി തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു താരത്തിന്റെ അയോഗ്യത മൂലം മെഡല്‍ ലഭിച്ച അത്‌ലറ്റിന്റെ സാംപിളുകളും പരിശോധിക്കും.
Next Story

RELATED STORIES

Share it