31ലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബാംഗ്ലൂര്‍ മല്‍സരം മാറ്റണമെന്ന് പോലിസ്‌

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഡിസംബര്‍ 31ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂര്‍ എഫ്‌സിയും തമ്മില്‍ നടക്കുന്ന മല്‍സരം മാറ്റണമെന്നു കൊച്ചി സിറ്റി പോലിസ് സംഘാടകരോട് ആവശ്യപ്പെട്ടു.ഡിസംബര്‍ 31 ഞായറാഴ്ച ആയതിനാല്‍ മല്‍സരം കാണാന്‍ വന്‍തോതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അന്നേ ദിവസം രാത്രിയില്‍ വലിയതോതില്‍ പുതുവല്‍സരാഘോഷവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പോലിസിനെ മല്‍സരം നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തിലേക്ക് നിയോഗിക്കാന്‍ കഴിയില്ലെന്നാണ് പോലിസ് പറയുന്നത്. സാധാരണ ദിവസങ്ങളില്‍ മല്‍സരം നടക്കുമ്പോള്‍ ആയിരത്തോളം പോലിസുകാരെയാണ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് നിയോഗിക്കുന്നത്. എന്നാല്‍, അന്നേ ദിവസം പുതുവല്‍സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ച് ഫോര്‍ട്ട് കൊച്ചിയിലടക്കം സേനയെ നിയോഗിക്കേണ്ടതായിട്ടുണ്ട്. ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പോലിസ് പറയുന്നു. യാതൊരുവിധ സംഭവങ്ങളുമുണ്ടാവാതെ നല്ല രീതിയില്‍ പുതുവല്‍സരം ആഘോഷിക്കാനുള്ള ശ്രമങ്ങളാണ് പോലിസ് നടത്തുന്നതെന്നു കൊച്ചി റേഞ്ച് ഐജി പി വിജയന്‍ പറഞ്ഞു. ഇതിനായി മറ്റു ജില്ലകളില്‍ നിന്നു പോലും പോലിസ് ഉദ്യോഗസ്ഥരെ കൊച്ചിയിലേക്ക് വിളിക്കാറുണ്ട്. ഈ അവസ്ഥയില്‍ പോലിസിനെ ഐഎസ്എല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചുകഴിഞ്ഞാല്‍ പുതുവല്‍സരാഘോഷത്തിനായി സേനയെ നിയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുമെന്നും ഐജി പി വിജയന്‍ പറയുന്നു. എന്നാല്‍, മല്‍സരം മാറ്റിവയ്ക്കുന്നത് സംബന്ധിച്ചു തങ്ങള്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റിന്റെ നിലപാട്. മല്‍സരക്രമവും വേദികളും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നതാണ്. ഐഎസ്എല്‍ സംഘാടകരുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം അറിയിക്കാന്‍ കഴിയുകയുള്ളൂവെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നു.
Next Story

RELATED STORIES

Share it