|    Nov 15 Thu, 2018 8:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

300 ഹാജിമാരുമായി ആദ്യസംഘം മടങ്ങിയെത്തി

Published : 22nd September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഹാജിമാര്‍ മടങ്ങിയെത്തി. 300 ഹാജിമാരു—മായി സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5346 നമ്പര്‍ വിമാനം രാവിലെ 6.36നാണു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. പുലര്‍ച്ചെ 5.45നാണു വിമാനം എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്നു വിമാനമിറങ്ങാന്‍ അല്‍പം താമസം നേരിട്ടു. വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലായ ടി ത്രീ വഴിയാണു ഹാജിമാര്‍ എത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ തന്നെ ഹാജിമാര്‍ മടങ്ങിവരുമ്പോള്‍ സ്വീകരിക്കാനുള്ള രണ്ടാംഘട്ട ഹജ്ജ് ക്യാംപ് സജ്ജീകരിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം മറ്റ് അസൗകര്യങ്ങള്‍ നേരിട്ടതുകൊണ്ടാണു ഹാജിമാര്‍ക്കായി കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്് ലിമിറ്റഡ് ടി ത്രീയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. 7.30ഓടെ ഹാജിമാര്‍ ടെര്‍മിനലിന് പുറത്തെത്തിത്തുടങ്ങി. രാവിലെ എട്ടിനു മുമ്പായി മുഴുവന്‍ ഹാജിമാരെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞു. സിയാലിന്റെ സഹായത്തോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ടെര്‍മിനലിന് അകത്തും പുറത്തും ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ കൃത്യത മൂലമാണു സമയബന്ധിതമായി ഹാജിമാരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. വിമാനത്തില്‍ നിന്നു പുറത്തിറങ്ങിയ ഹാജിമാര്‍ ടെര്‍മിനലിനകത്ത് സുബ്ഹി നമസ്‌കരിച്ചു. അതിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വോളന്റിയര്‍മാരും ഹജ്ജ് സെല്‍ ഉദേ്യാഗസ്ഥരും ഹാജിമാരുടെ ലഗേജുകളുമായി പുറത്തു കാത്തുനിന്നിരുന്ന ബന്ധുക്കളുടെ സമീപം എത്തിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണു ഹാജിമാരെ സ്വീകരിക്കാന്‍ ടി ത്രീ ടെര്‍മിനലിന് പുറത്തു കാത്തുനിന്നിരുന്നത്. ഹൃദ്യമായ വരവേല്‍പാണ് ഇവര്‍ ഹാജിമാര്‍ക്കു നല്‍കിയത്. സ്വീകരിക്കാനെത്തിയവര്‍ക്കു വിശ്രമിക്കാനായി പ്രത്യേക സജ്ജീകരണം ടെര്‍മിനലിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഹാജിമാര്‍ക്കു മക്കയിലും മദീനയിലും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ലെന്നു മടങ്ങിയെത്തിയവര്‍ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സേവനം മികച്ചതായിരുന്നുവെന്നും ഹജ്ജ്കര്‍മം സുഗമമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായും മലപ്പുറം സ്വദേശി യഹിയ പറഞ്ഞു. മൂന്നു വിമാനങ്ങളിലായി 900 പേര്‍ കൂടി ഇന്നു നെടുമ്പാശ്ശേരിയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മുന്‍ എംഎല്‍എ എ എം യൂസഫ്, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, ഹജ്ജ് സെല്‍ ഓഫിസര്‍ എ അബ്ദുല്‍ ലത്തീഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, ജില്ലാ ട്രെയ്‌നര്‍ മുസ്തഫ ടി മുത്തു, അനസ് ഹാജി, അസൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ഹാജിമാരെ സ്വീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss