|    Apr 25 Wed, 2018 4:19 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

300 കോടിയുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശികള്‍ ‘സ്വര്‍ഗരാജ്യത്ത്”

Published : 30th July 2016 | Posted By: SMR

അബ്ദുര്‍റഹിമാന്‍ ആലൂര്‍

കോഴിക്കോട്: ഇരുപതോളം മുസ്‌ലിം യുവാക്കള്‍ ഐഎസ് കേന്ദ്രത്തിലെത്തി എന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവരവെ കാസര്‍കോട് ജില്ലയില്‍ മറ്റൊരു തട്ടിപ്പും അരങ്ങേറുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ചില യുവാക്കള്‍ സിബിഐ, ക്രൈംബ്രാഞ്ച്-ഇന്റര്‍പോള്‍ വിരിച്ചച വലകളില്‍ നിന്നു രക്ഷപ്പെടാന്‍ ഞങ്ങള്‍ യഥാര്‍ഥ സ്വര്‍ഗരാജ്യത്ത് എത്തി; ഇവിടെ ദീന്‍ മുറുകെപിടിച്ച് ജീവിയ്ക്കാനാകും. ഇവിടെ മറ്റെവിടെ അപേക്ഷിച്ചും ശാന്തിയുണ്ട്, സമാധാനമുണ്ട്…!’ എന്നിങ്ങനെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് ഏതോ ഗള്‍ഫ് രാജ്യത്ത് ഒളിവില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍.
300 കോടിയുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ കാസര്‍കോട് നായന്മാര്‍മൂലയിലെ ചെറിയവീട്ടില്‍ സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ജൂലൈ 13വരെ ഇവര്‍ ദുബയിലുണ്ടെന്നു കാസര്‍കോട്ട് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കൃത്യമായ കുറ്റാരോപണ രേഖ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനു ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭാ കാലത്ത് ആഭ്യന്തരവകുപ്പില്‍ കാസര്‍ക്കോട്ടെ ചില ഉന്നതര്‍ ഇടപെട്ട് കേസ് മരവിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം.
സിവി ഗ്ലോബല്‍ ട്രേഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ വിവിധ ജില്ലകളില്‍ നിന്ന് 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന ദമ്പതികള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടും കണ്ടെത്താനായില്ല. കേരളത്തില്‍ ചിലര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ദമ്പതികളെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ പ്രതികള്‍ യുഎഇയിലായിരുന്നു. പിന്നീട് ഖത്തറിലുള്ളതായി സ്ഥിരീകരണമുണ്ടായിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇപ്പോള്‍ ഇന്റര്‍പോളും കേസ് കൈയ്യൊഴിഞ്ഞു എന്നാണറിവ്.
സാദിഖിന്റെയും നൗഷയുടെയും നേതൃത്വത്തില്‍ 2008ല്‍ രൂപീകരിച്ച ഗ്ലോബല്‍ സൊല്യൂഷന്‍സ് കമ്പനി വിവിധ ജില്ലകളില്‍ നിന്ന് പ്രമോട്ടര്‍മാര്‍ മുഖേന കോടികള്‍ സമാഹരിച്ചു 2011ല്‍ പണവുമായി മുങ്ങി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ നാലു കേസുകള്‍ സിബിഐ ചെന്നൈ യൂനിറ്റും മറ്റു ജില്ലകളിലെ കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവുമാണ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം പ്രതികള്‍ക്കെതിരെ 46 കേസുകള്‍ നിലവിലുണ്ട്. ചിറ്റൂര്‍, പാലക്കാട്, ഒറ്റപ്പാലം, കോടതികളിലാണിത്. ഇന്റര്‍പോള്‍ മുഖേന പ്രതികളെ പിടികൂടുന്നതിനായി ചിറ്റൂര്‍ കോടതി ഓപ്പണ്‍ ഡേറ്റഡ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്ഥാപന ഡയറക്ടറും മൂന്നാം പ്രതിയുമായ എറണാകുളം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ പൊത്താനമല ഹൗസില്‍ അബ്ദുന്നാസര്‍ എന്ന നൗഷാദിനെ പാലക്കാട് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കാസര്‍കോട്ടെ കേസിലും പ്രതി ചേര്‍ക്കപ്പെട്ട നൗഷാദിനെ സിബിഐ ചെന്നൈ യൂനിറ്റിലെ സംഘം ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
തൃക്കരിപ്പൂര്‍ ചന്തേര മാണിയാട്ടെ ഉഷ സന്തോഷും കേസില്‍ പ്രതിയാണ്. ഉഷയേയും പിന്നീട് അറസ്റ്റ് ചെയ്തു. ഏഴ് ശതമാനം മുതല്‍ 10 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രതികള്‍ നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. നൗഷാദ്, ഉഷ എന്നിവര്‍ ചേര്‍ന്നാണ് പണം ശേഖരിച്ചത്. 2009 മുതല്‍ 2011 വരെയാണ് പണം പിരിച്ചെടുത്തത്. തട്ടിപ്പിനിരയായവര്‍ സാദിഖിന്റെ നായന്മാര്‍മൂലയിലെ വീട്ടിന് മുന്നില്‍ സമരവും നടത്തിയിരുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജങ്ഷനില്‍ ഓഫിസ് തുറന്നാണ് ഗ്ലോബല്‍ തട്ടിപ്പ് നടത്തിയത്.
കമ്പനിക്ക് ദുബയ് കേന്ദ്രീകരിച്ച് അല്‍സാമി ട്രേഡിങ് കമ്പനി എന്ന പേരില്‍ ഫോറക്‌സ് ട്രേഡിങ് കമ്പനിയും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരില്‍നിന്നും ധനം സമാഹരിച്ചത്. 2011 ജൂണില്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിക്ഷേപ തുക തിരികെ ചോദിക്കാന്‍ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് കമ്പനി അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. നിലവിലുള്ള നിക്ഷേപകര്‍ പുതിയ നിക്ഷേപകരില്‍നിന്നും പണം വാങ്ങിച്ചുകൊടുത്താല്‍ പരിചയപ്പെടുത്തിയ വ്യക്തിക്ക് രണ്ടു ശതമാനം ഇന്‍സന്റീവായി നല്‍കാമെന്നും പറഞ്ഞാണ് ആളുകളെ കണ്ണികളാക്കിയിരുന്നത്. 6500 നിക്ഷേ—പകരില്‍ നിന്നായി 280 കോടിയോളം രൂപ കമ്പനി കൈക്കലാക്കിയതായാണ് ആക്ഷേപം. തട്ടിപ്പിന് ഇരയായവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണ്. ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ഗ്ലോബല്‍ തട്ടിപ്പ് ദമ്പതികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss