300 പേര്‍ തിരിച്ചെത്താനുണ്ടെന്ന കണക്ക് ശരിയല്ല: മന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ 300 പേര്‍ ഇനിയും കടലില്‍നിന്നു തിരിച്ചെത്താനുണ്ടെന്ന കണക്കുകള്‍ ശരിയല്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കാണാതായവരുടെ കണക്ക് പെരുപ്പിച്ചുകാട്ടുകയാണ്. 300 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന കണക്കുകള്‍ സര്‍ക്കാര്‍ ആര്‍ക്കും നല്‍കിയിട്ടില്ല. ക്രിസ്മസിനു തിരിച്ചെത്തുന്ന രീതിയില്‍ വലിയ ബോട്ടുകളില്‍ മല്‍സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തുമെന്നാണു പ്രതീക്ഷ. അതിനാല്‍ ഇനി തിരിച്ചുവരാനുള്ളവരെയെല്ലാം കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. ദുരന്തത്തില്‍ കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിനു ശേഷമേ വ്യക്തമാവൂ. ചെറുവള്ളങ്ങളില്‍ കടലില്‍ പോയവരെക്കുറിച്ച് സര്‍ക്കാരും ലത്തീന്‍സഭയുമൊക്കെ പറയുന്നത് ഒരേ കണക്കുതന്നെയാണ്. വലിയ ബോട്ടുകളില്‍ മല്‍സ്യബന്ധനത്തിന് പോയവരെക്കുറിച്ചാണ് കൃത്യമായ കണക്കില്ലാത്തത്. ഇവര്‍ ക്രിസ്മസിന് തിരിച്ചുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. വീട്ടുകാരും ബന്ധുക്കളും അങ്ങനെത്തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. അതിനിടെ, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ അവഗണനയെന്ന് പരാതിയുയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ പൂവാറിലെ ദുരിതാശ്വാസ ക്യാംപിലേക്ക് ഒരു നേരത്തെ ഭക്ഷണം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് ക്യാംപിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കടലില്‍ പോയ ഏഴു മല്‍സ്യത്തൊഴിലാളികളാണ് പൂവാറില്‍ ഇനിയും തിരിച്ചെത്താനുള്ളത്. തിരിച്ചെത്തിയ ചിലര്‍ ആശുപത്രികളിലുണ്ട്. അവരുടെയല്ലാം ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളുമെല്ലാം പൂവാറിലെ ക്യാംപിലാണ് ദിവസങ്ങളായുള്ളത്. സന്നദ്ധസംഘടനകളും മതസ്ഥാപനങ്ങളും പോലിസുമാണ് ഇവര്‍ക്കുള്ള ഭക്ഷണം മറ്റു രണ്ടു നേരങ്ങളില്‍ നല്‍കുന്നത്. അതേസമയം, ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. ദുരന്തം കൈകാര്യം ചെയ്ത രീതി കാര്യക്ഷമമല്ലെന്ന പരാതി മല്‍സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെയും ഫിഷറീസ്, റവന്യൂ, ദേവസ്വം മന്ത്രിമാരെയും നേരിട്ടറിയിച്ചു. സുരക്ഷാ മുന്‍കരുതലെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന ഉറപ്പാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്.
Next Story

RELATED STORIES

Share it