Pathanamthitta local

300 കിലോ വെടിമരുന്ന് പിടിച്ചെടുത്തു

ശബരിമല: പാണ്ടിത്താവളത്ത് അനധികൃതമായി സൂക്ഷിച്ച 300 കിലോ വെടിമരുന്ന് പൊലിസ് പിടിച്ചെടുത്തു. മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിനും വെടിവഴിപാട് പുരയ്ക്കുമിടയില്‍ മണ്ണിനടിയില്‍ 11 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പിടികൂടിയത്. ജില്ലാ പൊലിസ് മേധാവി സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഷാഡോ പൊലീസും സന്നിധാനം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് കണ്ടെത്തിയത്. വെടിമരുന്ന് നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് നല്‍കി. വെടിമരുന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.  സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലം സന്ദര്‍ശിച്ചു. സന്നിധാനം എസ്‌ഐ. ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലിസ് എഎസ്‌ഐ. രാധാകൃഷ്ണന്‍, കെ വി വിനോദ്, പൊലിസ് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്‍, ശ്യാം, രജു, ദിലീപ്, സുരേഷ്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടിച്ചെടുത്തത്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെടിവഴിപാടിനായി 15 കിലോ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനാണ് നിയമപ്രകാരം ലൈസന്‍സിക്ക് അനുമതി നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it