|    May 28 Sun, 2017 2:23 pm
FLASH NEWS

30 വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വം നീക്കം; വ്യാപാരികള്‍ ഇന്ന് 24 മണിക്കൂര്‍ നിരാഹാരസമരം നടത്തും

Published : 19th August 2016 | Posted By: SMR

ഗുരുവായൂര്‍: ക്യൂകോംപ്ലക്‌സിന്റെ പേരില്‍ 30 വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വം നീക്കത്തിനെതിരെ ഗുരുവായൂരിലെ ബഹുജന പിന്തുണയോടെ വ്യാപാരികള്‍ ഇന്ന് രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് സമരപരിപാടിക്ക് രൂപം നല്‍കിയത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടു മതി ക്യൂ കോംപ്ലക്‌സ് നിര്‍മിക്കാനെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാതെയാണ് ക്യൂ കോംപ്ലക്‌സുമായി ദേവസ്വം മുന്നോട്ട് പോകുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട ക്യൂ കോംപ്ലക്‌സിന്റെ  പ്ലാന്‍ നഗരസഭ അംഗീകരിച്ചിട്ടില്ല.
വ്യാപാരികളെ വഴിയാധാരാമാക്കുന്ന വിധത്തിലുള്ള ക്യൂകോംപ്ലക്‌സ് പദ്ധതിക്കെതിരെ ഗുരുവായൂരില്‍ എതിര്‍പ്പ് ശക്തമാണ്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തെക്കെ നടയില്‍ഡ സ്ഥലം ഏറ്റെടുക്കലും പ്ലാന്‍ തയ്യാറാക്കലും കഴിഞ്ഞിരുന്ന പദ്ധതി അട്ടിമറിച്ചാണ് ടി വി ചന്ദ്രമോഹന്‍ ചെയര്‍മാനായ യുഡിഎഫ് ഭരണ സമിതി കിഴക്കെനടയില്‍ 126 കോടി ചിലവില്‍  ക്യൂകോംപ്ലക്‌സ് നിര്‍മിക്കാന്‍ പദ്ധതി കൊണ്ടുവന്നതെന്നും വ്യാപാരികള്‍ ആരോപിച്ചു.
സര്‍വകക്ഷി യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി എന്‍ മുരളി അധ്യക്ഷത വഹിച്ചു. പി യതീന്ദ്രദാസ് (ഡിസിസി ജനറല്‍ സെക്രട്ടറി), എം സി സുനില്‍കുമാര്‍ (സിപിഎം ലോക്കല്‍ സെക്രട്ടറി), കെ കെ സുധീരന്‍ (സിപിഐ), അനീഷ് (ബിജെപി), ആര്‍ എ അബൂബക്കര്‍ (മുസ്‌ലിം ലീഗ്), സുരേഷ് വാര്യര്‍ (ജനതാദള്‍ എസ്), ആര്‍ വി മജീദ് (സിഎംപി), ആര്‍ രവികുമാര്‍ (കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), സംഘടനാപ്രതിനിധികളായ ബിജേഷ് മാരാത്ത്, പി എ അരവിന്ദന്‍, ജി കെ പ്രകാശ്, മുഹമ്മദ് യാസിന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day