|    Dec 13 Thu, 2018 7:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

30 വര്‍ഷം വീട്ടുജോലി കഴിഞ്ഞ് വെറുംകൈയോടെ തിരിച്ചയച്ചെന്ന്‌ വനിതാ കമ്മീഷനില്‍ പരാതിയുമായി 83 വയസ്സുള്ള വൃദ്ധ

Published : 16th November 2018 | Posted By: kasim kzm

കൊച്ചി: 30 വര്‍ഷം വീട്ടുജോലി ചെയ്ത വയോധികയെ വെറുംകൈയോടെ തിരിച്ചയച്ചെന്നു പരാതി. അങ്കമാലി കിടങ്ങൂര്‍ സ്വദേശിനിയായ 83 വയസ്സുള്ള വൃദ്ധയാണ് പരാതിയുമായി വനിതാ കമ്മീഷന്‍ മുന്നിലെത്തിയത്. സ്വന്തമായി ബന്ധുക്കളോ വീടോ ഇല്ലാത്ത ഇവരുടെ ഏക വരുമാനം വീട്ടുജോലിയില്‍ നിന്നു കിട്ടുന്ന തുച്ഛമായ തുകയായിരുന്നു. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള വീട്ടിലായിരുന്നു ജോലി ചെയ്തത്. പ്രായാധിക്യത്താല്‍ ഇനി വേറെ എവിടെയും ജോലിക്കു പോവാന്‍ കഴിയില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ മുന്നോട്ടുപോവുന്നത്. പരാതി കേട്ട കമ്മീഷന്‍ വീട്ടുടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്കമാലി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വയോജന നിയമം അനുസരിച്ച് മാനുഷികമായ രീതിയില്‍ ആ സ്ത്രീക്ക് നല്ലൊരു തുക നല്‍കാന്‍ ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ പറഞ്ഞു. അടുത്ത സിറ്റിങില്‍ വീട്ടുടമയെ വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അസി. നഴ്‌സിങ് സൂപ്രണ്ടിനെ മാനസികമായി പീഡിപ്പിച്ച പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഇവരുടെ പരാതി പരിഹരിക്കുന്നതില്‍ ജി ല്ല ലേബര്‍ ഓഫിസര്‍ക്കും വീഴ്ച പറ്റിയെന്ന് കമ്മീഷന്‍ വിലയിരുത്തി. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുകയും സദാചാരത്തെയും കാരുണ്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നവരാണ് തൊഴിലാളികളെ കൂടുതല്‍ ചൂഷണം ചെയ്യുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്. മലിനീകരണമുണ്ടാക്കുന്നു എന്ന പരാതിയില്‍ കുന്നത്ത്‌നാട് പെരുമ്പാവൂര്‍ അതിര്‍ത്തിയിലെ എല്ലുപൊടി കമ്പനി നിര്‍ത്തിവയ്ക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
84 പരാതികളായിരുന്നു അദാലത്തിന്റെ രണ്ടാംദിവസം പരിഗണിച്ചത്. ഇതില്‍ 31 പരാതികള്‍ തീര്‍പ്പാക്കി. 17 പരാതികളില്‍ പോലിസിനോടും മറ്റു ബന്ധപ്പെട്ട വകുപ്പുകളോടും റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറു പരാതികളില്‍ ആര്‍ഡിഒയോടും റിപോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചു പരാതികള്‍ കൗണ്‍സലിങിന് അയച്ചു. 25 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss