Alappuzha local

30 വര്‍ഷമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ശാപമോക്ഷം; ടെക്‌നിക്കല്‍ സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കാന്‍ നിര്‍ദേശം

കാവാലം: 30 വര്‍ഷമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാവാലം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കാന്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്. ഇതിന് വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്ന് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉത്തരവില്‍ പറയുന്നു.
ഹൈസ്‌കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് സാമൂഹിക പ്രവര്‍ത്തകനായ കാവാലം കൃഷ്ണവിഹാര്‍ വീട്ടില്‍ കെ കെ സുരേഷ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. 2016-17 അധ്യയന വര്‍ഷം മുതല്‍ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക് പൊതുവേ ബാധകമായ സമയക്രമം കാവാലം ടെക്‌നിക്കല്‍ ഹൈസ്‌കൂളിനും ബാധകമാക്കണം. ഇക്കാര്യം സ്‌കൂള്‍ ജീവനക്കാരെയും പിടിഎയും മറ്റും മുന്‍കൂട്ടി അറിയിക്കണം. ഇക്കാര്യം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് ഉറപ്പുവരുത്തണം.
സ്‌കൂളിലേക്കുള്ള യാത്രാ സൗകര്യം സുഗമമാക്കാന്‍ കാവാലം ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി ഗതാഗത വകുപ്പിന്റെ മേലധികാരികളുമായി ബന്ധപ്പെട്ടു ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 1986 മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 8, 9, 10 ക്ലാസുകളിലായി 16 പെണ്‍കുട്ടികളുള്‍പ്പടെ 111 കുട്ടികള്‍ പഠിക്കുന്നുണ്ട്. 18 അധ്യാപകരും എട്ട് അനധ്യാപകരും സ്‌കൂളില്‍ ജോലി ചെയ്യുന്നു.
ശോച്യാവസ്ഥയിലായ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് കുട്ടനാട് ജില്ല വിദ്യാഭ്യാസ ഓഫിസറും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും നേരിട്ട് അന്വേഷിച്ചുസമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ആഗസ്ത് നാലിന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂളില്‍ പരിശോധന നടത്തിയത്. സ്‌കൂളിലെത്തിയ കമ്മീഷന്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും സംസാരിക്കുകയും സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച് പഠന നിലവാരവും ഭൗതീകസാഹചര്യവും വിലയിരുത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ശുപാര്‍ശകളും നിര്‍ദേശങ്ങളുമടങ്ങുന്ന ഉത്തരവ് കഴിഞ്ഞ 16ന് ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഉത്തരവിലെ (എ) ഒഴികെയുള്ള എല്ലാ ശുപാര്‍ശകളിന്മേലും അധികൃതര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപോര്‍ട്ട് ജൂണ്‍ 30നകം കമ്മീഷനു സമര്‍പ്പിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it